ആരോഗ്യകരമായ ഭക്ഷണക്രമം കോവിഡ് വേഗം സുഖപ്പെടാൻ സഹായിക്കുമെന്ന് അബുദാബി ആരോഗ്യവിഭാഗം പഠനം. കോവിഡ് ബാധിച്ച 18നും 60നും ഇടയിൽ പ്രായമുള്ള 1038 പേരെ നിരീക്ഷിച്ചാണ് കണ്ടെത്തൽ. രോഗപ്രതിരോധ ശേഷി കൂട്ടും വിധം പഴം, പച്ചക്കറി, ധാന്യം എന്നിവ കൃത്യമായ ഇടവേളകളിൽ കഴിക്കണം. പതിവായി വ്യായാമം ചെയ്യുകയും പുകവലി ഒഴിവാക്കുകയും ചെയ്യുന്നവരിൽ എളുപ്പം കോവിഡ് മുക്തരാകുന്നെന്നും അധികൃതർ വ്യക്തമാക്കി.

കോവിഡ് ബാധിതരുടെ ജീവിത രീതിയും ഭക്ഷണക്രമവും പ്രതിരോധശേഷിയുമാണ് പഠന വിധേയമാക്കിയത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരിൽ കോവിഡിന്റെ തീവ്രത കുറയുകയും വേഗം സുഖപ്പെട്ട് ആശുപത്രി വിടുന്നതായി അബുദാബി ഹെൽത്ത്കെയർ ക്വാളിറ്റി വിഭാഗം മേധാവി സുമയ്യ അൽ അമെരി പറഞ്ഞു‌. പഴം, പച്ചക്കറി, ധാന്യങ്ങൾ ചേർന്ന ഭക്ഷണ ക്രമീകരണവും പതിവായ വ്യായാമവുമാണു ഗുണം ചെയ്തത്.

വ്യക്തിയുടെ ഉയരവും ഭാരവും വ്യായാമവും ജീവിത ശൈലി രോഗങ്ങളും കണക്കിലെടുത്ത് ഹെൽത്ത് ഡയറ്റ് ഓരോരുത്തരിലും വ്യത്യസ്തമാകും. ഇവ ഉൾക്കൊണ്ട് ദൈനംദിന ജീവിതത്തിൽ സ്വയം ക്രമീകരണം വരുത്തിയാൽ പ്രതിരോധ ശേഷി കൂട്ടി കോവിഡിനെ അകറ്റാമെന്ന് മുസഫ അഹല്യ ആശുപത്രിയിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ രാധിക മൊവ്വാർ പറഞ്ഞു.

വെള്ളം കുടിക്കണം

ദിവസം രണ്ടര ലീറ്റർ വെള്ളം കുടിക്കണം. തിളപ്പിച്ചോ അല്ലാതെയോ കുടിക്കാം. തിളപ്പിച്ചാണെങ്കിൽ ഒരു നുള്ള് മഞ്ഞൾപൊടിയോ ഒരു കഷണം ഇഞ്ചിയോ ഇടുന്നത് നന്ന്.

വ്യായാമം, ഉറക്കം

ആരോഗ്യത്തിന് ദിവസവും ശരിയായ വ്യായാമവും കൃത്യമായ ഉറക്കവും അനിവാര്യം.

വലിച്ചു തീരേണ്ട

പുകവലി പോലെ അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കണം.

ഹെൽത്തി ഡയറ്റ്

അവക്കാ‍ഡോ, ഓറഞ്ച്, ആപ്പിൾ (തൊലിയോടുകൂടി) തുടങ്ങിയ പഴവർഗങ്ങൾ, മുട്ട, മത്സ്യം, ചിയ സീ‍ഡ്സ്, നട്സ്, ബ്രൗൺ ബ്രഡ്, ബ്രൗൺ ഖുബ്ബൂസ് തവിടുകളയാത്ത ധാന്യങ്ങൾ (ഗോതമ്പ്, ചെറുപയർ, മുതിര, പയർ, കടല) വിവിധ നിറത്തിലുള്ള കാപ്സിക്കം. ചീര, മുരങ്ങയില, പാലക്ക്, ലറ്റ്യൂസ്, ഉലുവയില, പച്ചക്കറികൾ. ഇഞ്ചി, വെളുത്തുള്ളി, െചറുനാരങ്ങ, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപെടുത്താം.

അധികം വേണ്ട

പഞ്ചസാര, ഉപ്പ്, ബേക്കറി ഉൽപന്നങ്ങൾ, അച്ചാർ, ടൊമാറ്റോ സോസ്, വറുത്തത്, ബീഫ്, മട്ടൻ.

LEAVE A REPLY

Please enter your comment!
Please enter your name here