അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. രണ്ട് ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് പ്രധാനമായും പിച്ചിന്റെ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തോല്‍വിയെ ന്യായീകരിക്കുന്നത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടടക്കം നിരവധി താരങ്ങളും മുന്‍ താരങ്ങളും മൊട്ടേറയിലെ പിച്ചിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തോല്‍വിയില്‍ ഇംഗ്ലണ്ടിനെ ശക്തതമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍.

തോല്‍വിയുടെ കുറ്റം പിച്ചില്‍ ആരോപിച്ച്‌ ന്യായീകരിക്കരുതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ‘മൂന്നാം ടെസ്റ്റിലെ പിച്ച്‌ ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരുപോലെ തുണയ്ക്കുന്ന മൈതാനമാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് ടീം തോല്‍വിയില്‍ പിച്ചിനെ കുറ്റം പറയരുത്. സാഹചര്യത്തെ ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും അക്ഷര്‍ പട്ടേലും മനോഹരമായി മുതലാക്കി. അക്ഷര്‍ വേഗവും കൃത്യതയും പുലര്‍ത്തിയപ്പോള്‍ അശ്വിന്റെ പന്തിലെ വേരിയേഷനാണ് അവനെ തുണച്ചത്. ഇവിടെ ഇന്ത്യയും 145ന് പുറത്തായെന്ന് ഓര്‍ക്കുക. ഇത് കാണാന്‍ നല്ല രസമാണെങ്കിലും കളിക്കുമ്ബോള്‍ അത്ര രസമില്ല’- നാസര്‍ ഹുസൈന്‍ പറഞ്ഞു.

മൊട്ടേറ പിച്ച്‌ സ്പിന്നിന് അനുകൂലമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിച്ചപ്പോള്‍ ബെന്‍ സ്റ്റോക്‌സ് ഉള്‍പ്പെടെ നാല് പേസര്‍മാരുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. സന്ദര്‍ശകരുടെ ഈ തീരുമാനം തെറ്റായിപ്പോയെന്ന് തുടക്കം മുതല്‍ക്കേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജാക്ക് ലീച്ചിനെ മാത്രമാണ് ഇംഗ്ലണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമില്‍ ഉള്‍പ്പെടുത്തിയത്. ക്യാപ്റ്റന്‍ ജോ റൂട്ട് ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു.

ഇന്ത്യയിലേക്ക് വരുമ്ബോള്‍ ഇംഗ്ലണ്ട് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കണമായിരുന്നു. ടോസ് നേടിയ ശേഷം ഇതില്‍ കൂടുതല്‍ ചെയ്യാന്‍ ശ്രമിക്കണമായിരുന്നു. ടോസ് നേടിയിട്ടും രണ്ട് വിക്കറ്റിന് 74 എന്ന നിലയിലായിട്ടും 112 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്തായി. അക്ഷര്‍ പട്ടേലിനെ കൂടുതല്‍ ജാഗ്രതയോടെ നേരിടണമായിരുന്നു. അവന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കരുതി ഇറങ്ങണമായിരുന്നു. വഖാര്‍ യൂനിസിനെതിരേയും വസിം അക്രത്തിനെതിരെയും പദ്ധതി തയ്യാറാക്കിയിരുന്നത് പോലെ അക്ഷറിനെതിരെയും തയ്യാറാകണമായിരുന്നു. സമാന പിഴവാണ് ഇംഗ്ലണ്ട് ആവര്‍ത്തിച്ചത്. അപകടകരമായ പന്തുകളെ തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കണമായിരുന്നു. വളരെ കൃത്യതയുള്ള പന്തുകളാണ് അക്ഷറിന്റേത്. പന്തിന്റെ വ്യതിയാനങ്ങളെ മനസിലാക്കുന്നതില്‍ ഇംഗ്ലണ്ട് നിര പരാജയപ്പെട്ടുവെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here