ദൃശ്യം രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ കോണ്‍സ്റ്റബിള്‍ സഹദേവന്‍ എന്ന കഥാപാത്രം ഇല്ലായിരുന്നു. എവിടെപ്പോയാലും, വിധി പറയുന്ന കോടതി രംഗത്തിലെങ്കിലും സഹദേവനെ കാണിക്കാമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. വരുണിന്റെ തിരോധാനത്തെ തുടര്‍ന്ന് ആദ്യമായി ജോര്‍ജ് കുട്ടി സംശയ ദൃഷ്‌ടിയില്‍ പതിക്കുന്നത് സഹദേവന്റെ കണ്ണുകളിലാണ്.

ഇദ്ദേഹത്തിന്റെ മര്‍ദന മുറകളാണ് ദൃശ്യം ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് ഭാഗം കൊഴുപ്പിച്ചതും. രണ്ടാം ഭാഗം വന്നപ്പോള്‍ പകരം ഒരു പോലീസുകാരന്റെ വേഷം ചെയ്തത് മുരളി ഗോപിയാണ്. തോമസ് ബാസ്റ്റിന്‍ ഐ.പി.എസ്. എന്ന ഐ.ജി.യുടെ വേഷമാണ് മുരളി ഗോപി അവതരിപ്പിച്ചത്. എന്നാലും സഹദേവന്റെ കുറവ് കുറവായി തന്നെ അവശേഷിച്ചു. എന്നാല്‍ ഒരുപക്ഷെ ദൃശ്യം മൂന്നാം ഭാഗം വന്നേക്കാം എന്ന പ്രതീക്ഷ നല്‍കുന്നതും സഹദേവനായി വേഷമിട്ട കലാഭവന്‍ ഷാജോണിന്റെ വാക്കുകളാണ്. “ദൃശ്യം 3 വരുന്നുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയില്‍ ഭാഗമാകാത്തതിന്‍റെ വിഷമമുണ്ട്. ദൃശ്യം സിനിമയില്‍ ഭാഗമാകാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ ഒരുപാട് പേര്‍ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവന്‍ എന്ന്. സഹദേവന്‍റെ പണി പോയി, പണി കിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍. ഇനി സഹദേവന്‍ വരണമെങ്കില്‍ ജീത്തു വിചാരിക്കണം. ദൃശ്യം 3യില്‍ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” ഷാജോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യം രണ്ടാം ഭാഗം മികച്ച പ്രതികരണത്തോടു കൂടി പ്രദര്‍ശനം തുടരുകയാണ്. ആദ്യ ഭാഗത്തിലെ ജോര്‍ജ് കുട്ടിയും കുടുംബവും തന്നെയാണ് രണ്ടാം ഭാഗത്തിലും ഉണ്ടായത്. രാജാക്കാട് പോലീസ് സ്റ്റേഷന്റെ അടിയില്‍ ജോര്‍ജ് കുട്ടി കുഴിച്ചിട്ട ആ രഹസ്യം പുറത്തുവരികയും എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റോടു കൂടി സിനിമ അവസാനിക്കുകയും ചെയ്യുന്നതാണ് പ്രമേയം.

രണ്ടാം ഭാഗത്തില്‍ ജോര്‍ജ് കുട്ടി ഒരു തിയേറ്ററിന്റെ ഉടമയായി മാറിയിരിക്കുകയാണ്. അതിന്റെ ഭാഗമായി ഒരു സിനിമ എടുക്കാനും വേണ്ടിയുള്ള തയാറെടുപ്പിലും കൂടിയാണ് അദ്ദേഹം. അതിനു വേണ്ടി ഒരു പുസ്തകം ഇറക്കുകയും അതുപോലെ തന്നെ ഒരു തിരക്കഥ ഒരുക്കുകയും ചെയ്യുകയാണ് ജോര്‍ജ് കുട്ടി. ഇതില്‍ തിരക്കഥാകൃത്തിന്റെ വേഷത്തിലെത്തിയത് നടന്‍ സായ് കുമാറാണ്. ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും അതീവ പ്രാധാന്യം നല്‍കിയാണ് ദൃശ്യം 2 ന്റെ തിരക്കഥ. കഥയുടെ സങ്കീര്‍ണ്ണതയുടെ പേരില്‍ സംവിധായകന്‍ ജീത്തു ജോസഫിന് ഒട്ടേറെ അഭിനന്ദനം നേടിക്കൊടുത്ത സിനിമ കൂടിയാണ് ദൃശ്യം 2.

LEAVE A REPLY

Please enter your comment!
Please enter your name here