ആഗോളതലത്തിൽ ഏറ്റവും വലിയ വ്യോമയാന പ്രദർശനങ്ങളിലൊന്നായ ദുബായ് എയർഷോയുടെ ആദ്യദിനം 523 കോടി ദിർഹത്തിന്റെ കരാറുകളിൽ ഒപ്പുവെച്ച് യു.എ.ഇ. പ്രതിരോധമന്ത്രാലയം. യു.എ.ഇ. എയർഫോഴ്‌സിലേക്കായി രണ്ട് എയർബസ് എ 339 എം.ആർ.ടി.ടി. വാങ്ങാനായി എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസുമായി കരാർ ഒപ്പിട്ടതായി മന്ത്രാലയം എക്സിക്യുട്ടീവ് ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് ഡെവലപ്‌മെന്റ് ഓഫ് ഡിഫൻസ് മേധാവി മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഇഷാഖ് സാലിഹ് അൽ ബലൂഷി പറഞ്ഞു.

പ്രോഗ്രസീവ് ടെക്‌നോളജീസുമായി 267 കോടി ദിർഹത്തിന്റെ കരാറിൽ ഒപ്പിട്ടതായും ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ തേൽസുമായി 3.2 കോടി ദിർഹത്തിന്റെയും അമേരിക്കൻ എയ്‌റോസ്‌പേസ് കമ്പനിയായ ഗുഡ്‌റിച്ച് കോർപ്പറേഷനുമായി 6.6 കോടി ദിർഹത്തിന്റെയും കരാറിൽ ഒപ്പുവെച്ചതായി ലെഫ്റ്റനന്റ് കേണൽ സാറ അൽ ഹജ്രി അറിയിച്ചു. ആദ്യത്തെ തേൽസ് കരാർ എയർ കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത് സ്പെയർ പാർട്‌സും മറ്റ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടുള്ളതാണെന്നും സാറ അൽ ഹജ്രി വ്യക്തമാക്കി.

2019-ൽ നടന്ന ദുബായ് എയർഷോയിൽ യു.എ.ഇ. പ്രതിരോധമന്ത്രാലയം 400 കോടി ഡോളറിലേറെ മൂല്യമുള്ള കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ആഗോളപ്രതിരോധ കമ്പനികളുമായും വിതരണക്കാരുമായും ഒപ്പുവെക്കാനുള്ള കൂടുതൽ കരാറുകളും എയർഷോയിൽ മന്ത്രാലയം എല്ലാ ദിവസവും പ്രഖ്യാപിക്കും. എയർഷോയിൽ ഈ വർഷം ഒപ്പുവെക്കുന്ന മൊത്തം സൈനിക, പ്രതിരോധ കരാറുകൾ കഴിഞ്ഞ വർഷത്തെ കണക്കുകളേക്കാൾ അധികമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ദുബായ് എയർഷോ വ്യാഴാഴ്ച സമാപിക്കും. ബോയിങ് വിഭാഗത്തിലെ ഏറ്റവുംപുതിയ ബോയിങ് 777X ന്റെ അരങ്ങേറ്റം ഇത്തവണയുണ്ടാകും. 148 രാജ്യങ്ങളിൽനിന്നായി 1200 പ്രദർശകരാണ് പങ്കെടുക്കുന്നത്. 13 രാജ്യങ്ങൾ എയർഷോയിൽ ആദ്യമായാണ് എത്തുന്നതെന്ന പ്രത്യേകതയുണ്ട്. ഇതുവരെ നടന്നതിൽ ഏറ്റവുംവലിയ എയർഷോയാണ് ഇത്തവണത്തേതെന്ന് അധികൃതർ അറിയിച്ചിരുന്നു. 16 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം ഇത്തവണയുണ്ടാകും. 2005-ലെ അൽഐൻ ഗ്രാൻഡ് പ്രീയിലാണ് ഇന്ത്യൻ സംഘം അവസാനമായി വ്യോമാഭ്യാസം നടത്തിയത്. സാരംഗ്, സൂര്യകിരൺ, തേജസ് എന്നിവയുടെ അഭ്യാസങ്ങൾ നടക്കുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here