കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഈ മാസമെന്നു ദുബായ് രാജ്യാന്തര വിമാനത്താവള അധികൃതർ. ട്രാൻസിറ്റ് വീസകളിലടക്കം ആയിരങ്ങളാണ് ദുബായ് വിമാനത്താവളം ഡിസംബറിൽ ദിനംപ്രതിയെത്തുന്നത്. വ്യോമഗതാഗതം നിയന്ത്രണങ്ങൾ നീക്കിയതോടെ 140 വിമാനത്താവളങ്ങളിലേക്കാണു ദുബായിൽ നിന്നും വിമാനങ്ങൾ കുതിക്കുന്നത്. സ്വദേശികളും വിനോദ സഞ്ചാരികളും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണു യാത്ര. യാത്രക്കാരുടെ ആരോഗ്യ സുരരക്ഷയ്ക്കായി എല്ലാ നടപടികളും പൂർത്തീകരിക്കുന്നുണ്ടെന്ന് ദുബായ് വിമാനത്താവളങ്ങളുടെ ഉപമേധാവി ജമാൽ അൽഹായ് അറിയിച്ചു.

ക്രിസ്മസ് പ്രമാണിച്ച് ടെർമിനൽ 3 വഴിയുള്ള യാത്രക്കാരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു. ഡിസംബർ 11 മുതൽ 21 വരെയാണ് ഏറ്റവും കൂടുതൽ ആളുകൾ വിമാനത്താവളം പ്രയോജനപ്പെടുത്തിയത്. യാത്രക്കാരുടെ പെരുപ്പമനുസരിച്ച് കാർഗോ മേഖലയിലും ഉണർവുണ്ടായി. നവംബറിൽ 65 വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ 16 കമ്പനികൾ കാർഗോ രംഗത്താണ് സർവീസ് നടത്തുന്നത്.

നവംബറിൽ മാത്രം 15.85 ലക്ഷത്തിലധികം യാത്രക്കാർ ദുബായ് വിമാനത്താവളത്തിലെത്തിയതായാണു സിവിൽ ഏവിയേഷൻ റിപ്പോർട്ട്. ഒക്ടോബറിലെ യാത്രികരുടെ എണ്ണം 10.46 ലക്ഷമായിരുന്നു. ഒരു മാസത്തിനിടെ 8 ശതമാനമാണ് യാത്രക്കാരുടെ പെരുപ്പം. ഡിസംബറിലെ യാത്രക്കാരുടെ എണ്ണം റെക്കോർഡുകൾ ഭേദിക്കുന്നതായിരിക്കുമെന്നാണു അധികൃതർ നൽകുന്ന സൂചന.

ജനുവരി മുതൽ നവംബർ വരെ 2.4 കോടി പേർ വിമാനത്താവളങ്ങളിലെത്തി.ഈ കാലയളൽ 10.65 ലക്ഷം ടൺ കാർഗോ സർവീസാണ് വിമാനത്താവളങ്ങൾ വഴി നടന്നത്. യാത്രയ്ക്ക് യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സ് എയർലൈൻസ്, ഫ്ലൈ ദുബായ് തിരഞ്ഞെടുത്തവരുടെ എണ്ണം കൂടിയതായാണു റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ 150 വിമാനത്താവളങ്ങളിലേക്ക് ഇരു കമ്പനികളും സർവീസ് നടത്തുന്നുണ്ട്. മൊത്തം സർവീസുകളിൽ 100 എണ്ണം എമിറേറ്റ്സ് എയർലൈൻസും 50 ഫ്ലയ് ദുബായിയും പങ്കിട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here