കഴിഞ്ഞവർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഏറ്റവുമധികം പേർ യാത്രചെയ്തത് ഇന്ത്യയിലേക്ക്. 2020-ൽ വിമാനത്താവളത്തിലൂടെ യാത്രചെയ്ത രണ്ടരക്കോടി ആളുകളിൽ 43 ലക്ഷം പേരും ഇന്ത്യക്കാരാണെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.

ഇതിൽ 7,72,000 പേർ മുംബൈയിലേക്കും 7,22,000 പേർ ഡൽഹിയിലേക്കുമാണ് യാത്രചെയ്തത്. യു.കെ. 18.9 ലക്ഷം, പാകിസ്താൻ 18.6 ലക്ഷം, സൗദി അറേബ്യ 14.5 ലക്ഷം, ലണ്ടൻ 11.5 ലക്ഷം എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്കുകൾ. 2019-നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 70 ശതമാനം കുറവാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. 2019-ൽ എട്ടരക്കോടിയിലേറെ യാത്രക്കാരെയാണ് ദുബായ് വിമാനത്താവളം സ്വീകരിച്ചത്.

2020-ൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയത് 1,83,993 വിമാനങ്ങളാണ്. വിമാനങ്ങളുടെ എണ്ണത്തിലും മുൻവർഷങ്ങളെക്കാൾ 51.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 20.3 ശതമാനം കുറഞ്ഞ് 18.8 ആയതായും ദുബായ് എയർപോർട്ട് അതോറിറ്റി അറിയിച്ചു.

കോവിഡ് പടർന്നുപിടിച്ച ആദ്യകാലയളവിൽ ഗൾഫ് രാജ്യങ്ങളിലാകെ യാത്രാവിലക്കുകൾ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. വിലക്കുകൾ ഒഴിവാക്കി 2020 ജൂലായിലാണ് ദുബായ് വീണ്ടും തുറന്നത്.

എന്നാൽ, കോവിഡ് ഭീഷണി നിലവിലുള്ളതിനാൽ കണക്കുകൾ പഴയ നിലയിലേക്കെത്താൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. ‘‘കോവിഡിനുശേഷം ദുബായ് വളരെ വേഗത്തിൽ പഴയ അവസ്ഥയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. വെല്ലുവിളികൾക്കിടയിലും ഇത്രയധികം യാത്രക്കാരെ ദുബായ് വിമാനത്താവളം സ്വീകരിച്ചതിൽ അഭിമാനിക്കുന്നു’’ -ദുബായ് എയർപോർട്ട് സി.ഇ.ഒ. പോൾ ഗ്രിഫിത്ത് പറഞ്ഞു. വ്യവസായ ഗ്രൂപ്പായ എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 2019-ലെ ലോകത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണ് ദുബായ്.

LEAVE A REPLY

Please enter your comment!
Please enter your name here