ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ ഇനി ആർടിഎയുടെ പ്രധാന സേവനങ്ങൾ അതിവേഗ ട്രാക്കിൽ. ‘ക്ലിക് ആൻഡ് ഡ്രൈവ്’ സ്മാർട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താം. ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ നടപടിക്രമങ്ങൾക്കും കണ്ണ് പരിശോധനയ്ക്കുമെല്ലാം ഓഫിസുകൾ കയറിയിറങ്ങേണ്ട.

പുതിയ സംവിധാനത്തിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്താനും ലക്ഷ്യമിടുന്നു. ‘ക്ലിക് ആൻഡ് ഡ്രൈവിലൂടെ’ ഡിജിറ്റൈസേഷന്റെ 92% യാഥാർഥ്യമായെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. സേവനങ്ങൾക്കു വേണ്ടിവരുന്ന സമയം 75% ലാഭിക്കാം. 12 തലങ്ങളിൽ പൂർത്തിയാക്കേണ്ട നടപടികൾ ഏഴായി ചുരുങ്ങും. വാഹന ലൈസൻസ് നടപടികളടക്കം പൂർണമായും കടലാസ്രഹിതമാകും.

ഈ വർഷം നാലാം പാദത്തിൽ 50 ശതമാനത്തിലേറെ ലക്ഷ്യം നേടാമെന്നാണ് പ്രതീക്ഷ. കാറുകൾ വാടകയ്ക്കു നൽകുന്ന സേവനങ്ങളും ഡിജിറ്റൈസ് ചെയ്തു. ബ്ലോക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയതോടെ ഒട്ടേറെ നൂലാമാലകൾ ഒഴിവായി. ഇൻസ്പെക്ടർമാരുടെ സേവനസമയം കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനും കഴിഞ്ഞു.

കണ്ണ് പരിശോധനാ കേന്ദ്രം അരികിലേക്ക്

ലൈസൻസുമായി ബന്ധപ്പെട്ട കണ്ണ് പരിശോധനയ്ക്കുള്ള മൊബൈൽ സേവനം വിപുലമാക്കും. കൂടുതൽ സ്ഥാപനങ്ങൾക്ക് ഇതിന് അനുമതി നൽകും. ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്തു കൃത്യസമയത്ത് മൊബൈൽ യൂണിറ്റ് എത്തും. ഡ്രൈവിങ് ലൈസൻസ് ഉടൻ പുതുക്കി കിട്ടാനും സൗകര്യമൊരുക്കി. പരിശോധനാഫലം ഡൗൺലോഡ് ചെയ്ത് തത്സമയം ലൈസൻസ് പുതുക്കി വാങ്ങാം. പുതിയ ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് ഡൗൺലോഡ് ചെയ്തോ പകർപ്പെടുത്തോ സൂക്ഷിച്ചാൽ മതി.

ഡിജിറ്റൽ മുന്നേറ്റം ‘ഉയരങ്ങളിലേക്ക്’

ഡിജിറ്റൽ ലോകമൊരുക്കി വൻ അവസരങ്ങൾക്കു വാതിൽ തുറക്കുകയാണു യുഎഇ. ആരോഗ്യം, ബഹിരാകാശം, നക്ഷത്രശാസ്ത്ര പഠനം, ടൂറിസം, ബാങ്കിങ്, വാർത്താവിനിമയം എന്നിങ്ങനെ എല്ലാ മേഖലകളിലും ഡിജിറ്റൈസേഷൻ വിപ്ലവകരമായ മുന്നേറ്റത്തിനു വഴിയൊരുക്കും. ഭാവിയിലേക്കുള്ള മുന്നേറ്റം അതിവേഗത്തിലാക്കുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അവസരങ്ങളേറെയാണ്.

നിർമിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഫിൻടെക്, 3 ഡി പ്രിന്റിങ് സാങ്കേതികവിദ്യകൾ കോർത്തിണക്കി അതിവേഗ വാണിജ്യ-വ്യാപാര ശൃംഖല യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്നു. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ ഒരു ലക്ഷം വിദഗ്ധരെ സജ്ജമാക്കി 5 വർഷത്തിനകം 1,000 ഡിജിറ്റൽ കമ്പനികൾക്കു തുടക്കം കുറിക്കാനുള്ള വൻപദ്ധതി പുരോഗമിക്കുകയാണ്. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ബാങ്കിങ് വിവരങ്ങൾക്കടക്കം സംരക്ഷണം നൽകുന്ന സ്മാർട് നടപടികൾക്കും രൂപം നൽകുന്നുണ്ട്.

മേൽനോട്ടത്തിന് കർമസമിതി

യുഎഇയിൽ ഡിജിറ്റൈസേഷന്റെ പുരോഗതി വിലയിരുത്താൻ പ്രത്യേക കർമസമിതി രൂപീകരിച്ചു. മെറ്റാവേഴ്സ് ഉൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ ഓരോ ഘട്ടവും വിദഗ്ധസമിതി വിലയിരുത്തും. 2030 ആകുമ്പോഴേക്കും മെറ്റാവേഴ്സ് രംഗത്തു നിന്നു മാത്രം 400 കോടി ഡോളർ നേട്ടം ലക്ഷ്യമിടുന്നു. ശസ്ത്രക്രിയകളിൽ 230% മികവു വർധിപ്പിക്കാനും ഒട്ടേറെ തൊഴിലവസരങ്ങൾക്കും മെറ്റാവേഴ്സ് സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നു.

മെറ്റാവേഴ്സ് എന്നാൽ..

ഓഗ് മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതിക വിദ്യകളുടെ അടുത്ത തലമാണ് മെറ്റാവേഴ്സ്. ഓപ്പറേറ്റിങ് സിസ്റ്റം, വിഡിയോ കോൺഫറൻസിങ്, ഹാർഡ് വെയർ, ക്ലൗഡ്, വിനോദം, സോഷ്യൽ നെറ്റ് വർക്ക് എന്നിവ മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിൽ ഒന്നിപ്പിക്കാനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here