എക്സ്പോ വേദിയിൽ ഗവേഷണ സൗകര്യങ്ങളോടു കൂടിയ അത്യാധുനിക 3ഡി പ്രിന്റിങ് മേഖലയൊരുങ്ങുന്നു. നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരെ ആകർഷിക്കാനും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായകമാകും. പരീക്ഷണശാലകൾ, പഠനകേന്ദ്രങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ടാകുമെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

ഈ രംഗത്ത് കൂടുതൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ദുബായിയെ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ രാജ്യാന്തര കേന്ദ്രമാക്കാനുള്ള ബൃഹദ് പദ്ധതിയുടെ ഭാഗമാണിത്. ഇതിനായി വിവിധ സ്ഥാപനങ്ങളുടെയും സാങ്കേതിക-വിദ്യാഭ്യാസ വിദഗ്ധരുടെയും പങ്കാളിത്തമുള്ള 3ഡി പ്രിന്റിങ് സ്ട്രാറ്റജിക് അലൈൻസിന് കഴിഞ്ഞ ജൂലൈയിൽ രൂപം നൽകിയിരുന്നു. 2030 ആകുമ്പോൾ 3ഡി പ്രിന്റിങ് സാങ്കേതിക രംഗത്തു യുഎഇയെ മുന്നിലെത്തിക്കുകയാണു ലക്ഷ്യം. ദുബായിൽ 2 പ്രധാന കെട്ടിടങ്ങൾ ഈ രീതിയിൽ നിർമിച്ചിട്ടുണ്ട്. ഫ്യൂച്ചർ ഇൻ എമിറേറ്റ്സ് ടവേഴ്സ് ഓഫിസ്, ഗിന്നസ് റെക്കോർഡ് നേടിയ ദുബായ് മുനിസിപ്പാലിറ്റി സെന്റർ ഫോർ ഇന്നവേഷൻ എന്നിവയാണിത്.

വിവിധ മേഖകളിൽ വൻ സാധ്യതകൾ

ദുബായിയെ 3ഡി പഠന-ഗവേഷണ കേന്ദ്രമാക്കുന്നതിനൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങളും നിർമിക്കും. ആരോഗ്യം, നിർമാണം തുടങ്ങിയ മേഖലയ്ക്കടക്കം നേട്ടമാകും. കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ പദ്ധതിക്കു സാധ്യതയേറെയാണ്. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ വികസനം, പരീക്ഷണം, വിവിധ ഉൽപന്നങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്ക് പ്രത്യേക ഡിസ്ട്രിക്ട് രൂപവൽകരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഗവേഷണ കേന്ദ്രങ്ങൾ, രാജ്യാന്തര സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, എൻജിനീയറിങ് സ്ഥാപനങ്ങൾ എന്നിവയുടെ ആസ്ഥാനം കൂടിയാകും ഇത്. ഉൽപന്നങ്ങൾ സംഭരിക്കാനും മറ്റും ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വെയർഹൗസും ഇവിടെ സജ്ജമാക്കും.

ശസ്ത്രക്രിയയിൽ കൃത്യത

ശസ്ത്രക്രിയ ചെയ്യേണ്ട അവയവത്തിന്റെ 3ഡി പ്രിന്റ് തയാറാക്കുന്ന സാങ്കേതിക വിദ്യ ദുബായ് ഹെൽത്ത് അതോറിറ്റി ഉപയോഗപ്പെടുത്തുന്നുണ്ട്. സ്കാനിങ്ങിലൂടെ രോഗിയുടെ അവയവ വിവരങ്ങളെടുക്കുകയും മെഡിക്കൽ ഇമേജ് സെഗ്‌മന്റേഷൻ സോഫ്റ്റ് വെയറിലേക്കു മാറ്റുകയും ചെയ്യുന്നു. അവയവത്തിന്റെ അതേ മാതൃക തയാറാക്കി ശസ്ത്രക്രിയയ്ക്കു മുൻപുള്ള വിശകലനം കാര്യക്ഷമായി നടത്താം. ശസ്ത്രക്രിയയുടെ സമയം കുറയ്ക്കുകയും ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here