കൊറോണ വ്യാപന പ്രതിരോധത്തിനായി യു.എ.ഇ ഗവൺമെൻറ് കൈകൊണ്ട ദേശീയ അണുനശീകരണ യജ്ഞം ഏപ്രിൽ നാലിന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സംയുക്ത തീരുമാനത്തെ തുടർന്ന് യു.എ.ഇയിൽ ഉടനീളം അണുനശീകരണ പദ്ധതികൾ വീണ്ടും തുടർന്നുകൊണ്ടുപോകാൻ ശനിയാഴ്ച ഉത്തരവായി.

കഴിഞ്ഞ മാർച്ച് 26 മുതൽ മൂന്നു ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന അണുനശീകരണ പദ്ധതി പിന്നീട് ഒരാഴ്ച കൂടി നീട്ടി ഏപ്രിൽ 5 ന് പുലർച്ചെ ആറു മണിക്ക് അവസാനിക്കുന്ന രീതിയിൽ ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ലോകാരോഗ്യ സംഘടനയുടെ ശുപാർശകളും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചുള്ള വിപുലീകരണ തീരുമാനമാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. ഓരോ എമിറേറ്റിലെയും പ്രാദേശിക അധികാരികൾക്ക് അണു നശീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങളും മറ്റും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അണുനശീകരണം നടക്കുന്ന സമയങ്ങളിൽ പൊതുജനങ്ങൾക്കും ട്രാഫിക്കിനുമുള്ള നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു. രാത്രി എട്ടു മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിൽ പൊതുജനങ്ങൾക്ക് പൂർണമായും നിരത്തിലിറങ്ങാൻ സാധ്യമല്ല. എന്നാൽ പകൽ സമയങ്ങളിൽ സാധാരണഗതിയിൽ തുടരാമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

അവശ്യ സർവീസുകളിൽ സേവനം ചെയ്യുന്നവരും അത്യാവശ്യമായുള്ള ഭക്ഷണ സാധനങ്ങളും മരുന്നുകളും വാങ്ങേണ്ടവർ മാത്രമേ പകൽ സമയങ്ങളിലും പുറത്തു പോകാൻ പാടുള്ളൂ എന്ന് അധികൃതർ അറിയിച്ചു.എനർജി, കമ്മ്യൂണിക്കേഷൻ, ആരോഗ്യം, പോലീസ്, സെക്യൂരിറ്റി, പോസ്റ്റൽ, ഫാർമസ്യൂട്ടിക്കൽ, ഭക്ഷണം വെള്ളം, എയർപോർട്ട്,പാസ്പോർട്ട്, ഫൈനാൻസ്, ബാങ്കുകൾ ,ഗവൺമെൻറ് മീഡിയകൾ ,കൺസ്ട്രക്ഷൻ പ്രോജക്ടുകൾ ,ഗ്യാസ് സ്റ്റേഷൻ പ്രോജക്ടുകൾ തുടങ്ങിയവയാണ് അവശ്യ സർവീസ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ആവശ്യമായ രേഖകളിലൂടെയും ഐഡി കാർഡുകളിലൂടെയും പകൽസമയത്ത് പുറത്തിറങ്ങുന്ന ജനങ്ങളുടെ ആവശ്യം പരിശോധിക്കുവാൻ രാജ്യത്തുടനീളം ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നും നിയമം ലംഘിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങുന്നവർക്കെതിരെ കടുത്ത നടപടികൾ എടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വീണ്ടും ഉണർത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here