കോവിഡ് ജാഗ്രത പെരുന്നാൾ അവധി ദിവസങ്ങളിലും തുടരണമെന്ന് യുഎഇ. കഠിനാധ്വാനത്തിലൂടെ കുറച്ചുകൊണ്ടുവന്ന പ്രതിദിന കോവിഡ് കേസുകൾ ആഘോഷത്തിൽ മതിമറന്ന് തകിടം മറിക്കരുത്. നിയമം ലംഘിച്ച് ഒത്തുചേരുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു ആരോഗ്യവിഭാഗം ഹെൽത്ത് പ്രമോഷൻ മാനേജർ ഡോ. ഷെറീന അൽ മസ്റൂഇ വ്യക്തമാക്കി.

നിയമവിരുദ്ധമായി സമൂഹ ഇഫ്താർ നടത്തിയ 39 സംഘങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. പങ്കെടുത്തവർക്ക് 5000 ദിർഹവും വിളിച്ചുചേർത്തവർക്ക് 10,000 ദിർഹവുമായിരുന്നു പിഴ. അകലം പാലിച്ചും മാസ്ക് ധരിച്ചും എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. രോഗപ്പകർച്ച തടയാൻ ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കാം. വാക്സീൻ എടുത്തവരും ജാഗ്രത കൈവിടരുത്.

രോഗബാധിതരുമായി ഇടപഴകിയാൽ വാക്സീൻ എടുത്തവരിലൂടെയും രോഗം പകരാം. ജനുവരിയിൽ പ്രതിദിന കേസുകൾ നാലായിരത്തോട് അടുത്തിരുന്നു. ഇപ്പോൾ 1800നു താഴെയാക്കാനായി. രോഗലക്ഷണമില്ലാത്ത രോഗികളും സുരക്ഷാ മുൻകരുതലിൽ ‍വിട്ടുവീഴ്ച ചെയ്യരുത്. പിസിആർ പരിശോധനയിൽ നെഗറ്റീവാണെങ്കിലും വീണ്ടും രോഗം പിടിപെടില്ലെന്നു അർഥമില്ല.

കുടുംബാംഗങ്ങളാണെങ്കിൽ പോലും ആലിംഗനവും ഹസ്തദാനവും ചുംബനവും ഒഴിവാക്കണം. ഒരു കുടുംബത്തിൽ കഴിയുന്ന ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമേ ഭക്ഷണം പങ്കുവച്ചു കഴിക്കാവൂ. അടുത്ത വീടുകളുമായി ഭക്ഷണം കൈമാറരുതെന്നും ഓർമിപ്പിച്ചു.

കൂട്ടുകുടുംബമായി കഴിയുന്നവർ വീടുകളിലിരുന്ന് ജോലി ചെയ്യാൻ ശ്രമിക്കണം. അനാവശ്യമായി പുറത്തുപോകുന്നതു രോഗവ്യാപനത്തിനു കാരണമാകും. ജോലി സ്ഥലത്ത് അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണമെന്നുംഡോ. ഷെറീന വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here