സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് വ്യവസായവൽക്കരണം ഊർജിതമാക്കുമെന്നു ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഭക്ഷ്യോൽപന്നങ്ങൾ, പാനീയങ്ങൾ, യന്ത്രഘടകങ്ങൾ, രാസവസ്തുക്കൾ, ലോഹങ്ങൾ, മെഷീനുകൾ തുടങ്ങിയവയുടെ ഉൽപാദനവും കയറ്റുമതിയും കൂട്ടുകയും ദുബായിയെ ലോകത്തെ പ്രധാന നിക്ഷേപ-നിർമാണ കേന്ദ്രമാക്കുകയും ചെയ്യും.

ഇതിനായി ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കു പ്രോത്സാഹനം നൽകുമെന്നും വ്യക്തമാക്കി. 2031 ആകുമ്പോഴേക്കും യുഎഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനം നിലവിലുള്ള 13,300 േകാടി ദിർഹത്തിൽ നിന്നു 30,000 കോടി ദിർഹമാക്കുകയാണു ലക്ഷ്യം. കോവിഡ് കാലഘട്ടത്തിനു ശേഷമുള്ള സാമ്പത്തിക മുന്നേറ്റത്തിന് വ്യാവസായിക മേഖലയിൽ വൈവിധ്യവൽക്കരണ പദ്ധതികൾ നടപ്പാക്കും.

ഈ മേഖലയിലെല്ലാം ഇന്ത്യൻ നിക്ഷേപകർക്ക് അവസരങ്ങൾ ലഭിക്കും. ദുബായിൽ 4 മാസംകൊണ്ട് ഇന്ത്യയടക്കം 77 രാജ്യങ്ങളിൽ നിന്നുള്ള 3,746 നിക്ഷേപകർക്കാണ് അവസരം ലഭിച്ചത്. ദുബായ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി 2030ന്റെ അടുത്ത ഘട്ടത്തിനാണു തുടക്കം കുറിച്ചത്. കോവിഡ് സാഹചര്യത്തിൽ ലോകരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ കൂടി കണക്കിലെടുത്തുള്ള പദ്ധതികൾക്കാണു രൂപം നൽകിയത്.

രാജ്യാന്തര വിപണി ലക്ഷ്യമിട്ട് അവശ്യസാധനങ്ങളുടെ ഉൽപാദനം കൂട്ടാനാകും പ്രാഥമിക പരിഗണന. വാണിജ്യ-വ്യവസായ മേഖലയ്ക്ക് ഏറെ ആത്മവിശ്വാസം പകരുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്നു ദുബായ് ഇക്കോണമി ഡയറക്ടർ ജനറൽ സമി അൽ ഖംസി, ദുബായ് ഇൻഡസ്ട്രീസ് ആൻഡ് എക്സ്പോർട്സ് സിഇഒ: സഈദ് അൽ അവാദി എന്നിവർ പറഞ്ഞു.

ലക്ഷ്യം 16,000 കോടി, തൊഴിലവസരങ്ങൾ

വ്യവസായമേഖലയുടെ വളർച്ചയിലൂടെ 16,000 കോടി ദിർഹത്തിന്റെ അധികവരുമാന നേടാൻ 2016ലാണ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി പ്രഖ്യാപിച്ചത്. 2030 ആകുമ്പോഴേക്കും 27,000ൽ ഏറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണു ലക്ഷ്യം. നിർമാണമേഖലയുടെ മികവും ഉൽപാദനക്ഷമതയും വർധിപ്പിക്കുക, ദുബായിയെ മികച്ച ഉൽപന്നങ്ങൾ നിർമിക്കുന്ന രാജ്യാന്തര ആസ്ഥാനമാക്കുക, പരിസ്ഥിതിസൗഹൃദ നിർമാണ-വ്യവസായ മേഖല യാഥാർഥ്യമാക്കുക, നിർമാണകേന്ദ്രങ്ങളിൽ ഇന്ധനക്ഷമതയുമുള്ള യന്ത്രഘടകങ്ങൾ വിന്യസിക്കുക എന്നിങ്ങനെ വിവിധ തലങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുക.

6 മേഖലകളിൽ വൻ സാധ്യത

വ്യോമയാന-ബഹിരാകാശ മേഖലകളുടെ പഠന-ഗവേഷണങ്ങളിലും മുന്നേറ്റത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. വിമാനങ്ങളുടെ സ്‌പെയർപാർട്‌സ് നിർമാണത്തിൽ ദുബായ്ക്കു വലിയ പങ്കുവഹിക്കാനാകും. വിമാനങ്ങളുടെ അറ്റകുറ്റപ്പണിയിലും മറ്റും ഇതു മുതൽക്കൂട്ടാകും.

കപ്പൽഗതാഗത രംഗവും കപ്പലുകളുടെ അറ്റകുറ്റപ്പണിയുമാണ് അടുത്തത്. ഡ്രൈഡോക്കും ദുബായ് മാരിടൈം സിറ്റിയും ലോകത്തിലെ ഏറ്റവും പ്രമുഖ കേന്ദ്രങ്ങളാണ്. മധ്യപൂർവദേശത്തെ ഏറ്റവും വലിയ തുറമുഖമാണ് ജബൽഅലി. തദ്ദേശീയമായി കപ്പലുകൾ, യോട്ടുകൾ, ബോട്ടുകൾ തുടങ്ങിയവ കൂടുതലായി നിർമിക്കും.

അലുമിനിയം ഉൾപ്പെടെയുള്ള ലോഹങ്ങളുടെ വ്യവസായത്തിലും സാധ്യതകളേറെ. ലോകത്ത് ഏറ്റവും കൂടുതൽ അലുമിനിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഉൽപാദനം കൂട്ടി കൂടുതൽ വ്യവസായ സംരംഭങ്ങൾക്കു തുടക്കമിടും. ഓട്ടമൊബീൽ രംഗത്തടക്കം ഇതു സാധ്യതകളിലേക്കു വഴിതുറക്കും.

ഏറെ പ്രാധാന്യമുള്ള ഫാർമസ്യൂട്ടിക്കൽ മേഖലയുടെ വികസനത്തിനും മുഖ്യ പരിഗണന നൽകും. കൂടുതൽ ഉൽപന്നങ്ങൾ തദ്ദേശീയമായി നിർമിച്ച് സ്വയംപര്യാപ്ത കൈവരിക്കുന്നതോടെ ജിസിസി മേഖലയ്ക്കു മൊത്തം ഗുണകരമാകും. ഗൾഫ് രാജ്യങ്ങൾ നിലവിൽ 80% ഔഷധങ്ങളും ഇറക്കുമതി ചെയ്യുകയാണ്. സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നിർമാണത്തിനും സാധ്യതകളേറെയാണ്.

ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കുന്നതിൽ മേഖലയിലെ പ്രമുഖ കേന്ദ്രമാകാൻ ദുബായ് തയാറെടുക്കുകയാണ്. നിലവിൽ ഗൾഫ് മേഖലയിലെ പലരാജ്യങ്ങളും 70% ഭക്ഷ്യസാധനങ്ങളും ഇറക്കുമതി ചെയ്യുകയാണ്.

വിവിധ വ്യവസായങ്ങളുമായി ബന്ധപ്പെട്ടുള്ള യന്ത്രങ്ങളുടെ നിർമാണത്തിലും ദുബായ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here