സാമ്പത്തിക പരിഷ്‌കരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളില്‍ വരുന്ന നിരന്തര ഇളവുകളും ദുബൈ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഉണര്‍വ് പകര്‍ന്നു. കഴിഞ്ഞ വര്‍ഷം കൊറോണ വൈറസ് മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്ന് കരകയറി രാജ്യം പൂര്‍വാവസ്ഥയിലേക്ക് എത്തുന്നത് ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടി ഷോയില്‍ പ്രതിഫലനം സൃഷ്ടിക്കുമെന്ന് സംഘാടകര്‍ പറയുന്നു.

റിയല്‍ എസ്റ്റേറ്റ്, വ്യാപാരം, ബിസിനസ്, വിനോദ സഞ്ചാരം എന്നിവയുടെ ലോകോത്തര കേന്ദ്രമെന്ന നിലയില്‍ ദുബൈ അതിന്റെ സ്ഥാനം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യു എ ഇയിലെയും ദുബൈയിലെയും പ്രോപ്പര്‍ട്ടി വിലയിലെ ഗണ്യമായ വര്‍ധന വ്യവസായത്തെ പിന്തുണക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ്. അപ്പാര്‍ട്ട്മെന്റ് വില്‍പന വില 14 ഉം വില്ല വില 37 ഉം ശതമാനം വര്‍ധിക്കുകയും ചെയ്തതോടെ 2021 ഉയര്‍ന്ന കുതിപ്പിലാണ് അവസാനിച്ചത്. ദ റോയിട്ടേഴ്സ് അടുത്തിടെ നടത്തിയ സര്‍വേയില്‍, ദുബൈയിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില 2022 ല്‍ അഞ്ച് ശതമാനം വര്‍ധിക്കുമെന്നും ഇത് മൂന്ന് മാസം മുമ്പ് പ്രവചിച്ച 2.5 ശതമാനം വര്‍ധനയുടെ ഇരട്ടിയായിരിക്കുമെന്നും പറയുന്നതായി ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടി ഷോയുടെ പ്രസിഡന്റ് ദാവൂദ് അല്‍ ഷെസാവി പറഞ്ഞു. 2022 മാര്‍ച്ച് 24 മുതല്‍ 26 വരെയാണ് ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടി ഷോ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here