ലോകത്തിലെ ആദ്യത്തെ കോണ്‍ടാക്റ്റ്‌ലെസ് ഇന്‍സ്റ്റന്റ് ക്രെഡിറ്റ് ലൈഫ്‌സ്റ്റൈല്‍ പേയ്‌മെന്റ് ഇക്കോസിസ്റ്റമായ എംപേയ്ക്ക് തുടക്കിമിട്ടതായി പ്രഖ്യാപിച്ച് ദി എമിറേറ്റ്‌സ് പേയ്‌മെന്റ് സര്‍വീസസ് എല്‍എല്‍സി.യുഎഇയുടെ സ്മാര്‍ട്ട് ഗവണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് എംപേ വികസിപ്പിച്ചത്. സുരക്ഷിതമായ, കറന്‍സി രഹിത പണമിടപാടിനുള്ള ആപ്ലിക്കേഷനാണിത്.

യുഎഇയുടെ നാനാതുറകളിലുമുള്ള താമസക്കാര്‍ക്കായി വികസിപ്പിച്ച എംപേ, റീജിയണിലെ ആദ്യ ദേശീയ കോണ്‍ടാക്റ്റ്‌ലെസ് മൊബൈല്‍ പേയ്‌മെന്റ് ആപ്പാണ്. ഉപയോക്താക്കളുടെ സൗകര്യത്തിനും, ജീവിത രീതിയിലെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുമുള്ള മള്‍ട്ടിപ്പിള്‍ പേയ്‌മെന്റ് രീതികളാണ് എംപേ പ്രദാനം ചെയ്യുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നിരവധി പേയ്‌മെന്റ് സര്‍വീസുകള്‍ എംപേയിലൂടെ സാധ്യമാകും. ദുബൈ എക്കണോമിക് വിഭാഗം ലൈസന്‍സ് പുതുക്കല്‍, എല്ലാ തരത്തിലുമുള്ള ബില്‍ പേയ്‌മെന്റുകള്‍ക്ക്, റെസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍, പഠന സംബന്ധമായ ഫീസുകള്‍ അടയ്ക്കാന്‍, അന്താരാഷ്ട്ര പണമിടപാട്, പിയര്‍ ടു പിയര്‍ മൈക്രോ പേയ്‌മെന്റ് എന്നിവ ഉള്‍പ്പെടെ ഒട്ടേറെ പേയ്‌മെന്റ് സര്‍വീസുകള്‍ എംപേയിലൂടെ ലഭ്യമാക്കുന്നു.

രാവിലത്തെ കോഫി, ടാക്‌സി ചാര്‍ജ്, എന്നിവ മുതല്‍ വന്‍ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ലൈസന്‍സ് പുതുക്കുന്നത് വരെ ഒറ്റ ആപ്പിലൂടെ നിങ്ങള്‍ക്ക് സാധ്യമാക്കുന്നതാണ് എംപേ. ഇത് കൂടാതെ പെട്ടെന്ന് പേയ്‌മെന്റ് നടത്താന്‍ പണം ആവശ്യമായി വന്നാല്‍ ബാങ്കില്‍ പോകാതെ, മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ ഒന്നും കൂടാതെ തന്നെ ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സംവിധാനത്തിലൂടെ എംപേ വഴി പണം ലഭിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നോ യുഎഇ നിവാസികള്‍ക്ക് ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. രണ്ട് മിനിറ്റിനുള്ളില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. മാസ്റ്റര്‍കാര്‍ഡ് പവേര്‍ഡ് ഡിജിറ്റല്‍ കാര്‍ഡും ആപ്പില്‍ തന്നെ ലഭിക്കും. ഏറ്റവും സുഗമമായ രീതിയില്‍, വേഗതയും സുരക്ഷിതത്വവും ഉറപ്പാക്കി പണമിടപാടുകള്‍ നടത്താനും അതുവഴി ഉപയോക്താക്കള്‍ക്ക് മികച്ച അനുവഭം നല്‍കാനും കഴിയുന്നതാണിത്.

ഡിജിറ്റല്‍, കറന്‍സി രഹിത എക്കണോമി പ്രോത്സാഹിപ്പിക്കണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ ലക്ഷ്യം മുന്‍നിര്‍ത്തി എംപേയ്ക്ക് തുടക്കമിടുന്നത് ഏറെ അഭിമാനകരമാണെന്ന് ദുബൈ എക്കണോമി ഡെപ്യൂട്ടി ജനറലും എംപേ മാനേജിങ് ഡയറക്ടറുമായ ശ്രീ അലി ഇബ്രാഹിം പറഞ്ഞു. കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റുകളും സാമ്പത്തിക ഇടപാടുകളും നടത്തുന്നതിന് ഒരു പുതുവഴി തുറക്കുകയാണെന്ന് എംപേയ്ക്ക് തുടക്കമിട്ടുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയുടെ 49-ാം ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് പുതിയ പ്ലാറ്റ്‌ഫോമിന് തുടക്കമിടാന്‍ സാധിച്ചത് അഭിമാനകരമാണ്. ആഗോള സമ്പദ് വ്യവസ്ഥയില്‍ യുഎഇ സുപ്രധാന സ്ഥാനം നിലനിര്‍ത്തുന്ന ഈ അവസരത്തില്‍ തന്നെയാണ് എംപേയുടെ തുടക്കവും. ലോകത്തിലെ മികച്ച ഡിജിറ്റല്‍ വിപണിയാകുന്നതിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ ത്വരിതപ്പെടുത്താന്‍ ഈ പുതിയ സംരംഭത്തിലൂടെ സാധിക്കുമെന്ന് അലി ഇബ്രാഹിം വിശദമാക്കി.

എല്ലാ ബിസിനസ് മേഖലകളും ഡിജിറ്റല്‍ എക്കണോമിയിലേക്ക് മാറുന്നതിനെ പിന്തുണയ്ക്കുന്ന ദുബൈ എക്കണോമിക് വിഭാഗത്തിന്റെ നീക്കത്തിന്റെ ഭാഗമായാണ് എംപേ തുടങ്ങുന്നത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും സമയവും നിരക്കും കുറയ്ക്കുകയും ചെയ്യുന്ന കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റിലൂടെ പണമിടപാടുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യവും എംപേയ്ക്ക് തുടക്കമിടുന്നതിലൂടെ സാധ്യമാകും. സ്മാര്‍ട് ലിവിങിന് ഏറ്റവും നല്ല ഉദാഹരണമാണ് എംപേയെന്ന് അലി ഇബ്രാഹിം പറഞ്ഞു.

കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റിനെ കൂടുതല്‍ മികവുറ്റതാക്കാന്‍ എംപേയിലൂടെ സാധ്യമാകുമെന്നാണ് ദുബൈ എക്കണോമിക് വിഭാഗം വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപേയ്ക്ക് തുടക്കം കുറിക്കുന്നതിലും റീജിയണിലെ ഡിജിറ്റല്‍ സേവനങ്ങള്‍ ത്വരിതപ്പെടുത്തുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് ദി എമിറേറ്റ്‌സ് പേയ്‌മെന്റ് സര്‍വീസസ് എല്‍എല്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുന അല്‍ ഖസബ് പറഞ്ഞു. കറന്‍സി രഹിത പണമിടപാടുകള്‍ക്ക് മികച്ച ഭാവിയാണ് എംപേ തുറക്കുന്നതെന്നും അതിവേഗം മാറ്റങ്ങള്‍ സംഭവിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ക്കറ്റിലെ നൂതന പ്ലാറ്റ്‌ഫോമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ നിവാസികള്‍ക്ക് പേയ്‌മെന്റിനായുള്ള അവസാന വാക്കാകാനാണ് എംപേ ശ്രമിക്കുന്നത്. ഈ പദ്ധതിയില്‍ ഉപയോക്താക്കളുടെ അനുഭവത്തിനും തൃപ്തിക്കുമാണ് തങ്ങള്‍ പരമപ്രധാനമായ മുന്‍ഗണന നല്‍കുന്നത്. മാറുന്ന ജീവിത സാഹചര്യങ്ങള്‍, ദിവസേനയുള്ള വാണിജ്യ വ്യവഹാരങ്ങള്‍, ഓണ്‍ലൈന്‍ റീട്ടെയിലിങിലെ പെട്ടെന്നുള്ള വളര്‍ച്ച എന്നിവ കണക്കിലെടുക്കുമ്പോള്‍ ഈ ട്രെന്‍ഡ് റീജിയണില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും മുന അല്‍ ഖസബ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here