യുവേഫ യൂറോകപ്പില്‍ ഇന്ന് ആവേശകരമായ ഒരു മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും നേര്‍ക്കുനേര്‍ എത്തുമ്ബോള്‍ 2018 റഷ്യന്‍ ലോകകപ്പ് സെമി ഫൈനലിന്റെ ആവര്‍ത്തനമാണ് ഇന്ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത്. ഇത്തവണത്തെ യൂറോ കപ്പില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ മത്സരമാകും ഇന്ന് ഗ്രൂപ്പ് ഡിയില്‍ നടക്കാന്‍ പോകുന്നത്. ഇന്ന് വൈകിട്ട് 6.30നാണ് മത്സരം. സോണി ടെന്‍, സോണി ടെന്‍ 2 ചാനലുകളില്‍ മത്സരം തത്സമയം കാണാനാകും.

മറ്റു രണ്ട് മത്സരങ്ങളില്‍ ഓസ്ട്രിയ മാസിഡോണിയയേയും ഹോളണ്ട് യുക്രൈനെയും നേരിടും. ഓസ്ട്രിയ- മാസിഡോണിയ മത്സരം രാത്രി 9.30നും ഹോളണ്ട്- യുക്രൈന്‍ മത്സരം രാത്രി 12.30നുമാണ് നടക്കുന്നത്. 2016ല്‍ യൂറോ കപ്പ് കളിക്കാന്‍ സാധിക്കാതെ പോയ യുക്രൈന്‍ ശക്തമായ തിരിച്ചുവരവിനാണ് ഇത്തവണ തയ്യാറെടുക്കുന്നത്. അവസാന ഏഴ് മത്സരത്തില്‍ അഞ്ചിലും ജയിച്ചാണ് ഹോളണ്ടിന്റെ വരവ്. ഇന്നത്തെ മത്സരങ്ങളില്‍ സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ടും സാറ്റ്‌കോ ഡലികിന്റെ ക്രൊയേഷ്യയും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണ് ലോകമെമ്ബാടുമുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 2018ലെ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ ക്രൊയേഷ്യ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ആ പരാജയത്തിന് മറുപടി നല്‍കുകയായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. 2018ലെ ലോകകപ്പിലെ സെമി ഫൈനല്‍ പ്രവേശനം ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ട് നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു. ഇത്തവണത്തെ യൂറോ കപ്പില്‍ നിരവധി മികച്ച ടീമുകളുണ്ടെങ്കിലും ഇംഗ്ലണ്ട് ടീം ആരെയും ഭയക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ട് പ്രതിരോധതാരം കീറോണ്‍ ട്രിപ്പിയര്‍ രംഗത്തെത്തിയിരുന്നു. ഏറ്റവും മികച്ച യുവതാരനിരയുള്ള ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്.

ഫിഫ റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോള്‍. മേസണ്‍ മൗണ്ട്, ഫില്‍ ഫോഡന്‍, ജേഡന്‍ സാഞ്ചോ എന്നീ യുവതാരങ്ങളുടെ വരവ് തന്നെ ഇംഗ്ലീഷ് ടീമിന്റെ മുഖഛായ മാറ്റിയിട്ടുണ്ട്. ഒപ്പം ഗ്രീലിഷ് കൂടെയാകുമ്ബോള്‍ ഇംഗ്ലണ്ട് ഏതു ഡിഫന്‍സിന്റെയും പേടി സ്വപ്നമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഗ്രീലിഷ് ഈ യൂറോ കപ്പിന്റെ തന്നെ താരമായി മാറുമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇവര്‍ക്കൊപ്പം ഹാരി കെയ്ന്‍, റാഷ്‌ഫോര്‍ഡ്, ഹെന്‍ഡേഴ്‌സണ്‍, ലൂക് ഷോ എന്ന് തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ കൂടി ചേരുമ്ബോള്‍ ഇംഗ്ലണ്ടിന്റെ കരുത്ത് ഇരട്ടിയാകുന്നു.

2018ലെ ഫുട്ബോള്‍ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ എന്നാല്‍ പിന്നീട് പുറകോട്ടാണ് പോയത്. നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 14ആം സ്ഥാനത്താണ് അവര്‍. അവരുടെ പ്രധാന താരങ്ങളില്‍ പലരും ടീമിനൊപ്പം ഇല്ല എന്നതാണ് ക്രൊയേഷ്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. മോഡ്രിച് കൊവാചിച് മധ്യനിര കൂട്ടുകെട്ടില്‍ തന്നെയാണ് ക്രൊയേഷ്യയുടെ പ്രതീക്ഷ. റെബിച്, പെരിസിച് എന്നിവരുടെ സാന്നിദ്ധ്യവും അറ്റാക്കില്‍ ക്രൊയേഷ്യക്ക് കരുത്ത് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here