ഫിഫ ഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വിൽപന തുടങ്ങി. സപ്പോർട്ടർ ടിക്കറ്റ് ഉൾപ്പെടെ 4 തരം ടിക്കറ്റുകൾ ലഭ്യം. ഇന്നലെ തുടക്കമായ റാൻഡം സെലക്​ഷൻ ഡ്രോ വിൽപനയുടെ രണ്ടാം ഘട്ടത്തിൽ ഈ മാസം 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഗ്രൂപ്പ് ഘട്ടത്തിൽ പ്രതിദിനം 2 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനുള്ള അവസരവും ഇത്തവണയുണ്ട്.

വിൽപനയിൽ ആദ്യമായി സപ്പോർട്ടർ, കണ്ടീഷണൽ സപ്പോർട്ടർ ടിക്കറ്റുകളും ലഭ്യമാണ്. ഫിഫയിൽ അംഗത്വമുള്ള അസോസിയേഷനുകളുടെ ഔദ്യോഗിക ഫാൻ ക്ലബുകളിൽ അംഗമായിരിക്കുന്ന ആരാധകർക്കാണ് ഈ ടിക്കറ്റുകൾക്ക് അപേക്ഷിക്കാൻ യോഗ്യത. 4 തരം ടിക്കറ്റുകളിൽ എല്ലാ വിഭാഗത്തിലും അക്‌സസിബിലറ്റി ടിക്കറ്റും ലഭ്യമാണ്.

റാൻഡം സെലക്​ഷൻ ഡ്രോയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ ടിക്കറ്റിന് അർഹരായവരെ മേയ് 31നകം അറിയിക്കും. ടിക്കറ്റ് ബുക്കിങ്ങിന് : https://www.fifa.com/tickets ഖത്തറിൽ താമസിക്കുന്നവർക്ക് കാറ്റഗറി 4 ലെ ടിക്കറ്റുകൾക്ക് അപേക്ഷിക്കാം. 40 റിയാൽ മുതലാണ് നിരക്ക്. ഖത്തറിൽ താമസിക്കുന്നവർ വീസ പേയ്‌മെന്റ് കാർഡുകൾ ഉപയോഗിച്ച് വേണം പേയ്‌മെന്റ് നടത്താൻ.

വിദേശത്ത് നിന്നുള്ളവരാണെങ്കിൽ വീസ കാർഡും മറ്റ് തിരഞ്ഞെടുക്കപ്പെട്ട കാർഡുകളും ഉപയോഗിക്കാം. വിദേശത്ത് നിന്നുള്ളവർ പണം അടച്ച് ടിക്കറ്റ് വാങ്ങിയ ശേഷം ഖത്തറിലെ താമസത്തിനുള്ള ഹോട്ടൽ ബുക്ക് ചെയ്യണം. അതിനു ശേഷം സ്‌റ്റേഡിയങ്ങളിലെ പ്രവേശനത്തിനുള്ള ഹയ കാർഡിനായി അപേക്ഷിക്കണം.

വിദേശീയർക്ക് ഖത്തറിലേക്കുള്ള പ്രവേശന വീസയായും ഹയ കാർഡ് ഉപയോഗിക്കാം. ഖത്തറിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാ വിഭാഗം കാണികൾക്കും ഹയ കാർഡ് നിർബന്ധമാണ്. താമസം, ഹയ കാർഡ് എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക്: https://www.qatar2022.qa/en/home
രണ്ടാം ഘട്ടത്തിലെ ടിക്കറ്റുകളെക്കുറിച്ചറിയാം

∙വ്യക്തിഗത മത്സര ടിക്കറ്റുകൾ: കാണികൾക്ക് താൽപര്യമുള്ള നിശ്ചിത മത്സരം മാത്രം കാണാൻ വേണ്ടിയുള്ള ടിക്കറ്റാണിത്. 4 വ്യത്യസ്ത നിരക്കിൽ ലഭ്യമാണ്.

∙സപ്പോർട്ടർ ടിക്കറ്റുകൾ: നിശ്ചിത ടീമുകളുടെ ആരാധകർക്ക് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകളാണിത്. 3 വ്യത്യസ്ത വിഭാഗത്തിലുള്ള നിരക്കുകൾ ആണുള്ളത്.

∙കണ്ടീഷനൽ സപ്പോർട്ടർ ടിക്കറ്റുകൾ : നിശ്ചിത ടീമുകളുടെ സപ്പോർട്ടർമാർക്കുള്ള രണ്ടാം റൗണ്ട് മത്സര ടിക്കറ്റുകളാണിത്. 3 വിഭാഗങ്ങളിലാണ് നിരക്കുകൾ.

∙ഫോർ സ്‌റ്റേഡിയം ടിക്കറ്റുകൾ : കാണികൾ തിരഞ്ഞെടുക്കുന്ന മത്സര ദിവസങ്ങളിലായി 4 വ്യത്യസ്ത സ്റ്റേഡിയങ്ങളിൽ 4 മത്സരങ്ങൾ കാണാനുള്ള ടിക്കറ്റാണിത്. യാത്രാ തീയതി അനുസരിച്ച് മത്സര ദിവസം തിരഞ്ഞെടുക്കാം.

∙അക്‌സസിബിലിറ്റി ടിക്കറ്റുകൾ: എല്ലാ വിഭാഗങ്ങളിലും അക്‌സസിബിലിറ്റി ടിക്കറ്റുകളും ലഭിക്കും. അംഗപരിമിതർക്കും ചലനശേഷി കുറഞ്ഞവർക്കുമുള്ള ടിക്കറ്റുകളാണിത്. ആവശ്യമായ സൗകര്യങ്ങളും അനുയോജ്യമായ ഇരിപ്പിടങ്ങളും ആണ് പ്രദാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here