തിരിച്ചുവരുമ്പോൾ ‘കാലിയടിക്കണം’ എന്നതിനാൽ ഇന്ത്യയിലേക്കുള്ള വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. 1,100 മുതൽ 3,000 ദിർഹം വരെയാണു വിവിധ ദിവസങ്ങളിൽ വിമാന കമ്പനികൾ നിരക്ക് ഇൗടാക്കുന്നത്. ഇതിനിടെ ചില എയർലൈനുകൾ തങ്ങളുടെ സർവീസ് റദ്ദാക്കി, കൂടിയ നിരക്കിൽ പുതിയ ബുക്കിങ് ആരംഭിച്ചത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നതായി പരാതിയുയർന്നു.

ഇൗ മാസം 25 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് 10 ദിവസത്തേക്കു വിലക്കേർപ്പെടത്തിയിരുന്നു. അതേസമയം, ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തടസ്സമില്ല. ഇന്ത്യയിൽ നിന്നു തിരിച്ചുവരുമ്പോൾ യാത്രക്കാരില്ലാത്തത് വിമാന കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു. ഇതിനിടെ റാസൽഖൈമയിൽ നിന്നു കേരളത്തിലേക്ക് ചില വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ് നടത്തി. മേയ് അഞ്ചു മുതൽ ഇന്ത്യയിൽ നിന്നു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുവെങ്കിലും ഇന്ത്യയിൽ കോ‍വിഡ് രൂക്ഷമായതിനാൽ വിലക്കു നീട്ടിയേക്കുമെന്നും അതുകൊണ്ട് ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്താൽ അതിന്റെ പിന്നാലെ ഒാടേണ്ടി വരുമെന്നും ആളുകൾ ഭയക്കുന്നു.

നേരത്ത 300 ദിർഹം നിരക്കിൽ വരെ ടിക്കറ്റ് വിറ്റിരുന്ന ചില എയർലൈനുകൾ അവ റദ്ദാക്കി വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോൾ ഇതിന്റെ മൂന്നിരട്ടിയോളമാണ് ഇൗടാക്കുന്നത്. എടുത്ത ടിക്കറ്റ് റി ഷെഡ്യൂൾ ചെയ്യാം, പക്ഷേ കൂടിയ നിരക്ക് ആവശ്യപ്പെടുന്നതെന്ന് യാത്രക്കാർ പറയുന്നു. തങ്ങളുടേതല്ലാത്ത കാരണത്താൽ വിമാന കമ്പനികൾ കാണിക്കുന്ന അനീതി സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ബാധ്യതയുണ്ടാക്കുന്നു. ഇവർ കൂട്ടത്തോടെ അധികൃതർക്കു പരാതി നൽകാനുള്ള തീരുമാനത്തിലാണ്. ‌

മറ്റു ചില എയർലൈനുകൾ രണ്ടു സർവീസുകൾ ഒന്നാക്കി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരെ ബുദ്ധിമുട്ടിക്കാതെ യാത്ര തുടരുന്നു. അതുകൊണ്ട് പലരുടെയും യാത്രാ സമയങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ട്. പുറപ്പെടും മുൻപ് എയർലൈൻ ഒാഫീസുകളിൽ ബന്ധപ്പെട്ട് സമയം ഉറപ്പാക്കിയാൽ പ്രശ്നങ്ങളില്ലാതെ യാത്ര ചെയ്യാം.

എയർ ഇന്ത്യ മുംബൈയിൽ നിന്നുള്ള ബുക്കിങ് ആരംഭിച്ചു

അധികൃതർ അറിയിച്ച പ്രകാരം ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് 10 ദിവസം കഴിഞ്ഞ് മേയ് 5നാണ് പുനരാരംഭിക്കുക. മേയ് 5 മുതലുള്ള ടിക്കറ്റ് വിൽപന ചില വിമാന കമ്പനികൾ ആരംഭിച്ചുകഴിഞ്ഞു. എയർ ഇന്ത്യ മേയ് അഞ്ചിന് മുംബൈയിൽ നിന്ന് വൺവേ ടിക്കറ്റിന് 590 ദിർഹമാണ് ആവശ്യപ്പെടുന്നത്. മറ്റു ചില എയർലൈനുകളിൽ 369 ദിർഹം മുതൽ നിരക്ക് ആരംഭിക്കുന്നു. എന്നാൽ, ഇതേ ദിവസം മുംബൈയിൽ നിന്ന് ദുബായിലേയ്ക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ ഇക്കണോമി ക്ലാസിൽ സീറ്റുകൾ ഒഴിവില്ല. ബിസിനസ് ക്ലാസിലാണെങ്കിൽ 1,46,000 രൂപ (7,170 ദിർഹം) നൽകണം. പിറ്റേ ദിവസം ഇതേ റൂട്ടിൽ 35,200 രൂപ മുതലാണു ടിക്കറ്റ് നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here