ദുബായ്: മൂന്നരവർഷക്കാലമായി തൊഴിലുടമയ്ക്ക് വേണ്ടി ദുബായ് കോടതിയിൽ ജാമ്യം നൽകിയ പാസ്പോർട്ട് തിരികെ ലഭിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ സഞ്ചു കുന്നുംപുറത്ത് (25) നാണ് സൗജന്യ നിയമസഹായത്തിലൂടെ നീതി ലഭിച്ചത്. ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമയ്ക്ക് വേണ്ടിയാണ് സഞ്ചു തന്റെ പാസ്പോർട്ട് ദുബായ് കോടതിയിൽ ജാമ്യത്തിൽ വെച്ചത്.

2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വർഷങ്ങളായി ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയായിരുന്ന കണ്ണൂർ പാതരിയാട് സ്വദേശി ഷാമിൽ കുമാറിന് ബിസിനസുമായി ബന്ധപ്പെട്ട് 1,79,280 ദിർഹംസ് (35 ലക്ഷം ഇന്ത്യൻ രൂപ) കടം വന്നതിനെ തുടർന്ന് 2017 ജൂലൈയിൽ ദുബായിലെ ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനി ഇയാൾക്കെതിരെ കേസ് കൊടുക്കുകയും ഇതിനെ തുടർന്ന് ഇയാൾക്ക് ട്രാവൽ ബാൻ വരികയുമുണ്ടായി. അതേ വർഷം നവംബറിൽ ഇദ്ദേഹത്തിന്റെ ബന്ധുവായ പ്രജോഷ് തന്റെ പാസ്പോർട്ട് ജാമ്യമായി നൽകികൊണ്ട് കോടതി ഏർപ്പെടുത്തിയ ട്രാവൽ ബാൻ ഒഴിവാക്കി നൽകുകയും ഷാമിൽ കുമാർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് പ്രജോഷിന് നാട്ടിലേക്ക് പോകുന്നതിന് വേണ്ടി ഷാമിൽ കുമാറിന്റെ നിർദ്ദേശത്തോടെ 2018 ഡിസംബറിൽ അദ്ദേഹത്തിന്റെ ജീവനക്കാരനായ സഞ്ചുവിനെ ബാധ്യത ഏറ്റെടുത്തുകൊണ്ട് പാസ്പോർട്ട് ജാമ്യത്തിൽ വെപ്പിക്കുകയായിരുന്നു.

എത്രയും വേഗം താൻ മടങ്ങി വരുമെന്നും ഉടൻ കേസിന് പരിഹാരം കാണുമെന്നും സഞ്ചുവിനെ ധരിപ്പിച്ചാണ് കമ്പനി ഉടമ പാസ്പോർട്ട് ജാമ്യത്തിൽ വെപ്പിച്ചത്. എന്നാൽ ഇരുവരും തിരികെ വരികയുണ്ടായില്ല എന്ന് മാത്രമല്ല 2021 – നവംബറിൽ ഷാമിൽ കുമാർ മരണപ്പെടുകയുണ്ടായി. ഈ കാലയളവിൽ ബാധ്യത തുക വർധിച്ച് 3,41,782 ദിർഹംസ് (70 ലക്ഷം ഇന്ത്യൻ രൂപ) ആയി. ഇതോടെ മൊത്തത്തിലുള്ള ബാധ്യത സഞ്ചു അടക്കേണ്ടതായി വന്നു.

2 വർഷത്തോളം വിസ പുതുക്കുവാനോ നാട്ടിലേക്ക് മടങ്ങുവാനോ സാധിക്കാത്തതിനാലും നിയമ പ്രശ്നങ്ങളെ തുടർന്നും പ്രതിസന്ധിയിലായ സഞ്ചു ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഒട്ടനവധിയാളുകളെ സമീപിച്ചുവെങ്കിലും യാതൊരു പരിഹാരവും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കോഴിക്കോട് സ്വദേശിയും ബേപ്പൂർ പ്രവാസി കൂട്ടാഴ്മയിലെ അംഗവുമായ സഫ്രാജ്, കണ്ണൂർ സ്വദേശിയും ലോക കേരള സഭ അംഗവുമായ ഡോ.എൻ.കെ.സൂരജ് എന്നിവർ മുഖാന്തിരം യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. കേസിന്റെ വിശദവിവരങ്ങൾ മനസിലാക്കിയ സലാം പാപ്പിനിശ്ശേരി ഈ കേസ് ഏറ്റെടുക്കുകയും നിയമപരമായി മുന്നോട്ട് പോവുകയും ചെയ്തു. കൃത്യമായ രേഖകളോടെ നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിൽ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്താൻ സഞ്ചുവിന്റെ അഭിഭാഷകന് സാധിച്ചു. കേസിന്റെ ശരിവശം മനസിലാക്കിയ ദുബായ് കോടതി ബാധ്യത തുകയായ 70 ലക്ഷം രൂപ അടക്കമുള്ള നടപടികൾ റദ്ധാക്കികൊണ്ട് തടഞ്ഞു വെച്ചിരിക്കുന്ന പാസ്പോർട്ട് വിട്ടു നൽകുവാനുള്ള ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here