18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഈ മാസം 21 മുതൽ സൗജന്യ വാക്​സിൻ നൽകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിന്‍റെ വാക്​സിൻ നയം രൂക്ഷമായ വിമർശനത്തിന്​ വിധേയമായ​േതാടെയാണ്​ ഒടുവിൽ നയം മാറ്റിയത്​.

നിലവിൽ 45 വയസിനുമുകളിലുള്ളവർക്ക്​ മാത്രമാണ്​ കേന്ദ്രം സൗജന്യ വാക്​സിൻ നൽകുന്നത്​. മറ്റുള്ളവർക്ക് മുൻഗണനാക്രമം അനുസരിച്ച്​​ അതത്​ സംസ്​ഥാന സർക്കാറുകളാണ്​ വാക്​സിൻ നൽകുന്നത്​. ബാക്കിയുള്ളവർ സ്വന്തം നിലയിൽ സ്വകാര്യ ആശുപത്രികളെയാണ്​ ആശ്രയിക്കുന്നത്​.

രാജ്യം കടുത്ത് പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്​ത്​ പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യത്ത് പോരാട്ടം തുടരുകയാണ്. 100 വർഷത്തിനിടയിൽ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായത്​. ഇത്തരം മഹാമാരി ആധുനിക ലോകം കണ്ടിട്ടില്ല. ഇത്രയേറെ ഓക്സിജൻ ഇന്ത്യയ്ക്ക് ഒരിക്കലും ആവശ്യം വന്നിട്ടില്ല. എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കി. ഓക്സിജൻ ട്രെയിൻ വന്നു, സൈനികരുടെ സേവനം ഉപയോഗപ്പെടുത്തി.

കൊറോണ എന്ന ശത്രുവിനെ നേരിടാൻ ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയെന്നതാണ്. ആറടി അകലം പാലിക്കുക, മാസ്ക്ധരിക്കുക. വാക്സിൻ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിർമിച്ച രണ്ടു വാക്സീനുകളാണുള്ളത്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല ഇന്ത്യ. നിലവിൽ ഏഴു കമ്പനികൾ പലതരം വാക്സിൻ രാജ്യത്ത്​ തയാറാക്കുന്നുണ്ട്. മൂന്ന്​ വാക്സിനുകളുടെ പരീക്ഷണം അവസാന ഘട്ടത്തിലാണ്. കുട്ടികള്‍ക്ക് വാക്സിൻ നൽകുന്നതും പരിഗണിക്കും. അതുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്. സ്വകാര്യ ആശുപത്രികൾ 150 രൂപ വരെ വാക്​സിന്​ സർവിസ്​ ചാർജ്​ ഈടാക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here