മാറാന്‍ കൊതിക്കുന്ന ലോകത്തില്‍ ഒരുചുവട് മുന്നേ സ്മാര്‍ട്ടായി കുതിക്കുന്ന ദുബൈ നഗരം ആതിഥേയത്വം വഹിക്കുന്ന ജൈടെക്സ് 40ാം പതിപ്പ് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹംദാന്‍ ബിന്‍ മുഹമ്മദ് റാശിദ് ആല്‍ മക്​തൂം ഉദ്ഘാടനം ചെയ്തു.

60 രാജ്യങ്ങളില്‍ നിന്നുള്ള 1200 കമ്ബനികള്‍ പങ്കെടുക്കുന്ന മേള നാളെയുടെ ജീവിതംതന്നെയാണ് സാങ്കേതികത്തികവിലൂടെ വരച്ചുകാട്ടുന്നത്. സംസാരിച്ചുകഴിഞ്ഞാല്‍ റോബോട്ട് തന്നെയാണോ എന്ന് സംശയിച്ചുപോകുന്ന ഹ്യൂമനോയിഡ് റോബോകളാണ് ഇക്കുറിയും താരങ്ങള്‍.

ഇത്തിസാലാത്തി​െന്‍റ സ്​റ്റാളില്‍ എല്ലാവര്‍ക്കും കൈകൊടുത്ത് സംസാരിക്കുകയും സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്യുന്ന അഡ്രാന്‍ എന്ന നീല മനുഷ്യ റോബോട്ടിന് അത്രയുണ്ട് പൂര്‍ണത.

ഓര്‍ഡര്‍ ചെയ്താല്‍ കാപ്പി തയാറാക്കി കൈയില്‍ വെച്ചുതരുന്ന റോബോട്ട് മുതല്‍ ക്ലാസിലെ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കുകയും ഒപ്പം പെരുമാറ്റം മുതല്‍ വ്യായാമമുറകള്‍ വരെ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്ന റോബോട്ടുകള്‍ വരെ ഇക്കുറി സ്ഥാനം പിടിച്ചിട്ടുണ്ട്.തീര്‍ന്നില്ല, റോഡില്‍നിന്ന് യാത്രക്കാരെ എടുത്ത് ആകാശത്തിലൂടെ അതിവേഗം പറക്കുന്ന എയര്‍ ടാക്സി, കേള്‍വി ശക്തിയില്ലാത്തവര്‍ക്കും സംഗീതം ആസ്വദിക്കാന്‍ കഴിയുന്ന വി.ആര്‍ ഷര്‍ട്ടുകള്‍ തുടങ്ങി സ്വപ്നമെന്ന് തോന്നുന്ന വിസ്മയക്കാഴ്ചകളാണ് ആഗോള സാങ്കേതിക വാരാഘോഷമായ ജൈടെക്​സി​െന്‍റ ഓരോ പവലിയനിലും കാണാനാകുക.

നിര്‍മിതബുദ്ധി, വി.ആര്‍ -എ.ആര്‍ സങ്കേതങ്ങള്‍, ബ്ലോക്ക് ചെയിന്‍ തുടങ്ങി നവീന സാങ്കേതികവിദ്യ മനുഷ്യജീവിതം എത്ര ലളിതവും സുന്ദരവുമാക്കുന്നുവെന്നതി​െന്‍റ നേര്‍ചിത്രമാണ് ജൈടെക്സ് തുറന്നുകാട്ടുന്നത്.

ഗതാഗതം, ആരോഗ്യപരിപാലനം, പൊലീസിങ്, ഫുഡ്​, സുരക്ഷ സംവിധാനങ്ങള്‍​, ബാങ്കിങ് തുടങ്ങി ജീവിതത്തി​െന്‍റ സകല മേഖലകളിലും സാ​േങ്കതികവിദ്യയുടെ സ്വാധീനം പ്രകടമാക്കുന്നതാണ്​ ജൈടെക്​സ്​ പ്രദര്‍ശനം.

പതിവ് രാജ്യങ്ങള്‍ക്കൊപ്പം ഇക്കുറി ഇസ്രായേലും ജൈടെക്സില്‍ പങ്കെടുക്കുന്നുണ്ട്.

ബഹ്റൈന്‍, ജപ്പാന്‍, യു.എസ്.എ, യു.കെ, ബെല്‍ജിയം, ബ്രസീല്‍, ഇറ്റലി, ഹോങ്കോങ്, പോളണ്ട്, റഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ നിരവധി കമ്ബനികളാണ് മേളയിലുള്ളത്.

അബൂദബി, അജ്മാന്‍ ഗവണ്‍മെന്‍റുകളുടെ പവലിയനുകളും ജൈടെക്സിലുണ്ട്. ദുബൈ പൊലീസ്, ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, വിവിധ എമിറേറ്റുകളിലെ സര്‍ക്കാര്‍ ഡിപ്പാര്‍ട്​മെന്‍റുകള്‍, ദുബൈ ഇന്‍റര്‍നെറ്റ് സിറ്റി, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ കസ്​റ്റംസ്, ജി.ഡി.ആര്‍.എഫ്.എ, ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി, ദുബൈ ഇലക്‌ട്രേണിക് സെക്യുരിറ്റി സെന്‍റര്‍ എന്നിവയുടെ പവലിയനുകളും ടെലികോം കമ്ബനികളായ ഡ്യു, ഇത്തിസാലാത്ത് എന്നിവയുടെ സ്​റ്റാളുകളും പ്രദര്‍ശനനഗരിയിലുണ്ട്.

നിര്‍മിതബുദ്ധി, സ്മാര്‍ട്ട് സിറ്റികള്‍, സാമ്ബത്തിക സാങ്കേതികവിദ്യ, വിദ്യാഭ്യാസത്തി​െന്‍റയും ആരോഗ്യത്തി​െന്‍റയും ഭാവി, വിദൂര ജോലിയുടെ ഭാവി എന്നിവയില്‍ 200 പ്രധാന സാങ്കേതിക നിക്ഷേപ കമ്ബനികളുടെയും 350 സ്പീക്കറുകളുടെയും പങ്കാളിത്തമാണ് ജൈടെക്സ് ഉറപ്പുവരുത്തുന്നത്.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രദര്‍ശനം തുടരുന്നത്. ആഴ്ചകള്‍ നീണ്ട അണുമുക്തമാക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സാങ്കേതികമേള നടക്കുന്ന ദുബൈ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആഗോളതലത്തിലുള്ള സാങ്കേതികവിദഗ്ധരെയും അതിഥികളെയും കാഴ്ചക്കാരെയും വരവേറ്റത്.

മുഴുവന്‍ സമയ ശുചീകരണത്തിനും അണുമുക്തമാക്കലിനും നൂറുകണക്കിന് വളന്‍റിയര്‍മാരാണ് പ്രദര്‍ശനനഗരിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here