സ്കൂൾ അടയ്ക്കുന്നതോടെ നാട്ടിലേക്കു പോകാൻ വിമാന ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമായി അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് ഗോ ഫസ്റ്റ് (ഗോ എയർ) വിമാന സർവീസ് ആരംഭിക്കുന്നു. ഈ മാസം 28നാണ് കന്നി സർവീസ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവുമാണ് നിരക്ക്.

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാനങ്ങൾ സർവീസ് നടത്തും. പിന്നീട് ആഴ്ചയിൽ 5 ദിവസമാക്കി വർധിപ്പിക്കും കൊച്ചിയിൽനിന്ന് ഇന്ത്യൻ സമയം രാത്രി 8.10ന് പുറപ്പെടുന്ന വിമാനം രാത്രി 10.40ന് അബുദാബിയിലെത്തും. തിരിച്ച് 11.40ന് പുറപ്പെട്ട് പുലർച്ചെ 5.15ന് കൊച്ചിയിലെത്തും. നിലവിൽ അബുദാബിയിൽനിന്നും ദുബായിൽ നിന്നും കണ്ണൂരിലേക്കു ഗോ ഫസ്റ്റിന് പ്രതിദിന സർവീസുണ്ട്.

അബുദാബിയിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ, എയർഅറേബ്യ അബുദാബി എന്നീ വിമാനങ്ങൾ കേരളത്തിലെ 3 എയർപോർട്ടുകളിലേക്കും സർവീസ് നടത്തിവരുന്നു. ഇത്തിഹാദ് എയർവേയ്സ്് കോവിഡിനു ശേഷം കൊച്ചിയിലേക്കു മാത്രമാണ് സർവീസ് നടത്തിവരുന്നത്. ദുബായ്, ഷാർജ, റാസൽഖൈമ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നു ഒട്ടേറെ വിമാനക്കമ്പനികൾ കേരളത്തിലെ 4 എയർപോർട്ടുകളിലേക്കും സർവീസ് നടത്തിവരുന്നു. ഇത്രയും വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും മധ്യവേനൽ അവധിക്കാലത്ത് നാട്ടിലേക്കു പോകാൻ വിമാന ടിക്കറ്റ് കിട്ടാനില്ല. ഉള്ളവയ്ക്കാകട്ടെ പൊള്ളുന്ന നിരക്കും. അവധിക്കാലത്തിനിടെ ബലിപെരുന്നാൾ കൂടി വരുന്നതും തിരക്കു കൂടാൻ കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here