ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ തന്നെ ഏറ്റവും വലിയ മേളയായ ഗൾഫൂഡിൽ വൻകിട ഉത്പാദകരും ആഗോള വിതരണക്കാരും മാത്രമല്ല സാധാരണക്കാർക്കും കാണാനും അറിയാനും ഏറെ. കൗതുകങ്ങളുടെ കലവറ കൂടിയാണ് മേള.

വൻബിസിനസ്സിന്റെ പാചകക്കുറിപ്പുകൾ തയ്യാറാകുന്നതിനൊപ്പം രുചി നിറവിന്റെ ലോകവും ഇവിടെ ഒരുങ്ങുന്നു. ആഗോള ശ്രദ്ധ ലഭിക്കാൻ എത്തുന്ന ഉൽപന്നങ്ങൾ സാധാരണക്കാരന് കാണാൻ കഴിയുന്ന ലോകം കൂടിയാണിത്. കോവിഡ് മൂലം ഇത്തവണ ലോക ഭക്ഷണമാമാങ്ക വേദിയിൽ എത്താൻ കഴിയാതിരുന്നതിന്റെ നിരാശ കൂടി ചിലർ പങ്കുവച്ചു.

‘വിപണിയിൽ എത്തുന്നതിന് വർഷങ്ങൾക്കു മുൻപു തന്നെ പല ഉത്പന്നങ്ങളും മേളയിൽ കാണാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്തവണ ക്വാറന്റൈനിലായതിനാൽ പോകാൻ സാധിക്കാത്തതിൽ വലിയ വിഷമമുണ്ട്’-ദുബായിൽ ഉദ്യോഗസ്ഥനായ റോജിൻ പൈനുംമൂട് പറഞ്ഞു. “മേളയിൽ നിന്നു ലഭിക്കുന്ന പാചകക്കുറിപ്പുകൾ പലതും വീട്ടിൽ പരീക്ഷിച്ചിട്ടുണ്ട്. പല പാചക രീതികളും വിശദമായി പറഞ്ഞു തരാനും തയ്യാറാകും. പല സാധനങ്ങളും ഇത്രയധികം തരം ഉണ്ടെന്ന് മനസ്സിലാക്കിയത് മേളയിൽ നിന്നാണ്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഒട്ടേറെയിനം തേയിലകളെക്കുറിച്ച് അറിഞ്ഞത് മേളയിൽ നിന്നാണ്. കുറഞ്ഞ വില മുതൽ പതിനായിരങ്ങൾ വരെ വിലയുള്ളവ. മിനറൽ വാട്ടറാണ് ഇതുപോലെ അതിശയിപ്പിച്ച മറ്റൊരു മേഖല. ഏതു ജലം കുടിക്കുന്നതാണ് നല്ലത് എന്ന് അന്വേഷിച്ചിട്ടുള്ളവരുടെ മുന്നിൽ തുറക്കുന്നത് വിശാല ജലലോകമാണ്. ആകർഷകമായ കുപ്പികളുടെ ലോകം കൂടിയാണത്. ഇതിന്റെ ശേഖരവും സൂക്ഷിച്ചിട്ടുണ്ട് ഇതെല്ലാം കണ്ടു നടന്ന് വെള്ളംകുടിച്ചുപോകും എന്നതാണ് സത്യം- റോജിൻ പറഞ്ഞു. 85 രാജ്യങ്ങളിൽ നിന്ന് ഏകദേശം 2500 ഓളം കമ്പനികൾ പങ്കെടുത്ത മേള ഇന്നു സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here