ഫിഫയുടെ അനുമതിയില്ലാതെ ലോകകപ്പ് മത്സര ടിക്കറ്റ് വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ 2,50,000 റിയാൽ (54,57,500 ഇന്ത്യൻ രൂപ) പിഴ നൽകേണ്ടി വരും.

ലോകകപ്പിന്റെ ആതിഥേയരെന്ന നിലയിൽ ഖത്തർ സ്വീകരിച്ച നിയമ നടപടികൾ അനുസരിച്ചാണിത്. 2021 ലെ 10-ാം നമ്പർ നിയമ പ്രകാരം ഫിഫയുടെ അനുമതിയില്ലാതെ മത്സര ടിക്കറ്റ് ഇഷ്യു ചെയ്യുകയോ വിൽക്കുകയോ പുനർ വിൽപന നടത്തുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ രണ്ടര ലക്ഷം റിയാൽ പിഴ നൽകേണ്ടി വരുമെന്ന് ഖത്തർ നീതിന്യായ മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്.

ഫിഫയുടെ ഔദ്യോഗിക നിയമം അനുസരിച്ച് അനുമതിയില്ലാതെ നേരിട്ടോ ഓൺലൈൻ മുഖേനയോ ടിക്കറ്റുകൾ വിൽക്കാൻ ഓഫർ ചെയ്യുക, വിൽക്കുക, ലേലം നടത്തുക, സമ്മാനമായി നൽകുക അല്ലെങ്കിൽ ട്രാൻസ്ഫർ ചെയ്യുകയോ ട്രാൻസ്ഫർ ചെയ്യാൻ ശ്രമിക്കുകയോ പാടില്ല. വാണിജ്യ ലക്ഷ്യം, പരസ്യം, പ്രമോഷൻ, ആനുകൂല്യ പ്രോഗ്രാമുകൾ, മത്സരങ്ങൾ, സമ്മാനങ്ങൾ, റാഫിളുകൾ, ഹോട്ടൽ-വിമാനം-ഹോസ്പിറ്റാലിറ്റി-യാത്രാ പാക്കേജുകളുടെ ഭാഗമായി നൽകുക എന്നിവ ഉൾപ്പെടെ ഏതു സാഹചര്യത്തിലായാലും ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാൻ മൂന്നാം കക്ഷിയെ ഏർപ്പെടുത്താനും പാടില്ല.

ഫിഫയുടെ അനുമതിയില്ലാതെ ട്രാൻസ്ഫർ ചെയ്ത ടിക്കറ്റുകൾക്ക് സാധുതയില്ല. മുന്നറിയിപ്പില്ലാതെ ഏതു സമയവും ടിക്കറ്റുകൾ റദ്ദാക്കപ്പെടും. ഫിഫയുടെ ടിക്കറ്റ് നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചു കൊണ്ട് ടിക്കറ്റുകൾ ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ സിവിൽ, ക്രിമിനൽ ശിക്ഷാ നടപടികളും പിഴയും അനുഭവിക്കേണ്ടി വരും. ടിക്കറ്റ് എടുക്കുന്ന വ്യക്തിയ്ക്ക് ഏതെങ്കിലും തരത്തിൽ മത്സരം കാണാൻ സൗകര്യപ്പെടാതെ വന്നാൽ ഫിഫയുടെ ഔദ്യോഗിക റീ-സെയിൽ പ്ലാറ്റ്‌ഫോമിലൂടെ തന്നെ ടിക്കറ്റ് പുനർവിൽപന നടത്താം.

അതേസമയം അതിഥികൾക്ക് ടിക്കറ്റ് കൈമാറണമെങ്കിൽ ടിക്കറ്റ് എടുത്ത വ്യക്തി സൗജന്യമായോ അല്ലെങ്കിൽ ടിക്കറ്റിന്റെ മുഖവിലയേക്കാൾ അധികമല്ലാത്ത തുകക്കോ അതിഥിക്ക് ടിക്കറ്റ് നൽകാം. എന്നാൽ ടിക്കറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച ഫിഫയുടെ നിബന്ധനകൾക്ക് അനുസൃതമായി മാത്രമേ ഇതു പാടുള്ളു.

ടിക്കറ്റ് എടുത്ത വ്യക്തിക്ക് അതിഥികൾക്ക് ടിക്കറ്റ് കൈമാറാമെങ്കിലും അതിഥികൾക്ക് പക്ഷേ ഒരു സാഹചര്യത്തിലും ടിക്കറ്റുകൾ മറ്റൊരാൾക്ക് കൈമാറാൻ പാടില്ല.

അതിഥിക്ക് ഏതെങ്കിലും കാരണവശാൽ ടിക്കറ്റ് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടിക്കറ്റ് എടുത്ത വ്യക്തിക്ക് തന്നെ അത് തിരികെ നൽകണം. ടിക്കറ്റ് എടുത്ത വ്യക്തിക്ക് മറ്റൊരു അതിഥിക്ക് ടിക്കറ്റ് വീണ്ടും കൈമാറാം.

LEAVE A REPLY

Please enter your comment!
Please enter your name here