ആഘോഷദിനങ്ങൾ മടങ്ങിയെത്തിയ ദുബായിൽ ഈയാഴ്ച വൈവിധ്യമാർന്ന 32 കായിക പരിപാടികൾ നടക്കും. മലയോര ഗ്രാമമായ ഹത്തയിലും നഗരത്തിന്റെ വിവിധ മേഖലകളിലും നടക്കുന്ന സാഹസിക മത്സരങ്ങളിലടക്കം രാജ്യാന്തര താരങ്ങൾ പങ്കെടുക്കും.

അടുത്തമാസം 27 വരെ നീളുന്ന ദുബായ് ഫിറ്റ്നസ് ചാലഞ്ചിന് 29ന് തുടക്കമാകും. ലോകകപ്പ് ക്രിക്കറ്റും അരങ്ങുതകർക്കുകയാണ്. മൗണ്ടൻ ബൈക്ക് മത്സരമായ ‘ യുസിഐ ഹീറോ ദുബായ് ഹത്ത’, ദുബായ് മസിൽ ഷോ, ദുബായ് മൂൺലൈറ്റ് ക്ലാസിക് ഗോൾഫ് ടൂർണമെന്റ് തുടങ്ങിയവയാണ് മറ്റു പ്രധാന പരിപാടികൾ.

ഹത്ത ചാംപ്യൻഷിപ്

ദുബായ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 29ന് നടക്കുന്ന ഹീറോ ദുബായ് ഹത്ത ചാംപ്യൻഷിപ്പിൽ 40ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കും. ഹത്ത മലയോര പാതകളിലെ സൈക്ലിങ് മത്സരത്തിൽ ഇത്തവണ കൂടുതൽ പേരെത്തുമെന്നാണു പ്രതീക്ഷ.

ഹത്തയിൽ രാജ്യാന്തര മത്സരങ്ങൾക്കുള്ള കൂടുതൽ സൈക്കിൾ ട്രാക്കുകൾ ഒരുങ്ങുകയാണ്. ദുബായിൽ പ്രതിവർഷം 30ൽ ഏറെ സൈക്കിൾ റാലികളും മത്സര പരിപാടികളും നടത്തുന്നുണ്ട്. വനിതകൾക്കു മാത്രമായി 3 മത്സര ഇനങ്ങളുണ്ട്. മലയോര മേഖലകളിൽ ഉല്ലാസയാത്ര നടത്തുന്ന ഒട്ടേറെ ഗ്രൂപ്പുകളുമുണ്ട്.

മസിൽ ഷോ

ദുബായ് മസിൽ ഷോ വേൾഡ് ട്രേഡ് സെന്ററിൽ നാളെ മുതൽ 30 വരെ നടക്കും. ഈജിപ്തിലെ ബിഗ് റമി, മിസ്റ്റർ ഒളിംപിയ റോണി കോൾമാൻ, ഡോറിയൻ യാറ്റ്സ്, ഫ്ലെക്സ് ലെവിസ് തുടങ്ങിയവർ പങ്കെടുക്കും. ബോക്സിങ് മത്സരവും ഉണ്ടാകും.

മൂൺലൈറ്റ് ക്ലാസിക്

ഇന്നു മുതൽ വെള്ളിവരെ 15–ാം ദുബായ് മൂൺലൈറ്റ് ക്ലാസിക് നടക്കും. രാത്രി നടക്കുന്ന ഗോൾഫ് ടൂർണമെന്റിൽ രാജ്യാന്തര വനിതാ താരങ്ങൾ പങ്കെടുക്കും. ലേഡീസ് ചാരിറ്റി കപ്പ് പോളോ, ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിലെ ബാഡ്മിന്റൻ, ഫിറ്റ്നസ് ചാലഞ്ചിനോടനുബന്ധിച്ചുള്ള പരിപാടികൾ എന്നിവയും വാരാന്ത്യങ്ങളിൽ നടക്കും.

courtesy : manoramaonline

LEAVE A REPLY

Please enter your comment!
Please enter your name here