അവസരങ്ങളുടെ പുതുയുഗത്തിനു തുടക്കം കുറിച്ച് ഇന്ത്യ– യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) മേയ് ഒന്നിന് പ്രാബല്യത്തിൽ വരും. കരാർ അനുസരിച്ച് 80% ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നതിനാൽ വില കുറയുമെന്നതാണു പ്രധാന നേട്ടം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 6000 കോടി ഡോളറിൽ നിന്ന് (4.5 ലക്ഷം കോടി രൂപ) 5 വർഷത്തിനകം 10,000 കോടി ഡോളർ (7.5 ലക്ഷം കോടി രൂപ) ആക്കുകയാണു ലക്ഷ്യം. യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി അൽ സയൂദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന വെർച്വൽ ഉച്ചകോടിക്കുശേഷം വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയും ഡൽഹിയിലാണു കരാർ ഒപ്പുവച്ചത്.

ഇരുരാജ്യങ്ങളിലും പുതിയ വ്യാപാര, നിക്ഷേപ, തൊഴിൽ അവസരങ്ങൾ അവസരങ്ങൾ തുറക്കാൻ കരാർ വഴിയൊരുക്കും. ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) എന്ന് വിദേശകാര്യമന്ത്രി ഡോ. എസ്.ജയ്ശങ്കർ വിശേഷിപ്പിച്ചു.

ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. അറബ് ലോകവുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ 40%വും യുഎഇയുമായാണ്. ചരക്കുകൾ, സേവനങ്ങൾ, നിയമങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങൾ, സംഭരണം, ബൗദ്ധിക സ്വത്തവകാശം, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുമുള്ള കവാടമായ യുഎഇയുമായുള്ള കരാർ ഇരുരാജ്യങ്ങൾക്കും ഏറെ ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here