പ്രതിദിന കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിലേക്ക് കുതിക്കവേ വിവിധ വിവിധ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി തുടങ്ങി. ഹോങ്കോങിന് പിന്നാലെ ബ്രിട്ടനും ഇന്ത്യയെ റെഡ് ലിസ്റ്റില്‍പ്പെടുത്തി.

വിസ്താര വിമാനത്തില്‍ എത്തിയ 50 യാത്രക്കാര്‍ക്ക് ഈ മാസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഹോങ്കോങ് സര്‍ക്കാരിന്റെ നടപടി. മറ്റു രാജ്യങ്ങളില്‍ ഇല്ലാത്ത കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ വ്യാപിക്കുന്നതായി ചില ബ്രിട്ടീഷ് വിദഗ്ധര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതീവ ഗുരതരമാവാന്‍ സാധ്യതയുള്ള B.1.617 വകഭേദം ആദ്യമായി ഇന്ത്യയിലാണ് കണ്ടെത്തിയത്. ബ്രിട്ടനിലെ 77 പേരില്‍ ഈ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയെ ഇന്ന് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇനി ബ്രിട്ടനിലേക്ക് പറക്കാനാവില്ല.

അതേ സമയം, അത്യാവശ്യമല്ലെങ്കില്‍ ഇന്ത്യയിലേക്ക് പോവരുതെന്ന് ഇന്നലെ ഒമാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ സൂചനകള്‍ വരുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്ന വിമാന യാത്രികര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണമെന്ന് വിവിധ എയര്‍ലൈനുകള്‍ അറിയിച്ചു. നേരത്തെ 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന ഫലമായിരുന്നു വേണ്ടിയിരുന്നത്.

ഇതോടെ പെരുന്നാളും വേനലവധിയുമൊക്കെ കണക്കുകൂട്ടി നാട്ടിലേക്കു പോകാനിരുന്ന ഗള്‍ഫിലെ പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. നാട്ടിലേക്കു പോയാല്‍ തിരിച്ചുവരാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുമോ എന്ന ഭീതിയിലാണ് പലരും. കോവിഡിന്റെ തുടക്കത്തില്‍ നാട്ടില്‍ പോയി ആറ് മാസത്തിലേറെ കുടുങ്ങിയതും ജോലി നഷ്ടപ്പെട്ടതുമായ അനുഭവങ്ങള്‍ പ്രവാസികള്‍ക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ അത്യാവശ്യമല്ലെങ്കില്‍ നാട്ടില്‍ പോകുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ട്രാവലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here