കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും പത്തു ദിവസമാണ് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡിസ്‌കവര്‍ ഖത്തര്‍ മുഖേന വേണം ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍. എല്ലാ യാത്രക്കാര്‍ക്കും യാത്രയ്ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് അറിയിച്ചത്.

എല്ലാ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് എത്തുന്ന കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരും കോവിഡ് മുക്തരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഈ മാസം 25 മുതലാണ് പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ബന്ധമാക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. നേരത്തെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസം കഴിഞ്ഞവര്‍ക്കും ആറുമാസത്തിനുള്ളില്‍ കോവിഡ് മുക്തരായവര്‍ക്കും ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളിലും കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിലാണ് പുതിയ വ്യവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here