ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ താരമായത് ഗ്ലെന്‍ മാക്‌സ്‌വെല്‍ ആണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സമ്ബൂര്‍ണ പരാജയമായ ഓസീസ് താരം ബാറ്റ് കൊണ്ട് കിടിലന്‍ പ്രകടനമാണ് ഇന്നലെ സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയക്ക് വേണ്ടി 19 പന്തില്‍ നിന്ന് 45 റണ്‍സ് മാക്‌സ്‌വെല്‍ നേടി. മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങിയതായിരുന്നു മാക്സിയുടെ വെടിക്കെട്ട് ഇന്നിങ്‌സ്.

ക്രീസില്‍ നിന്ന് മാക്‌സ്‌വെല്‍ വെടിക്കെട്ടിനു തീകൊളുത്തിയപ്പോള്‍ വിക്കറ്റിനു പിന്നില്‍ ഇതെല്ലാം കണ്ട് അന്താളിച്ചു നില്‍ക്കുകയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്‌റ്റന്‍ കൂടിയായ കെ.എല്‍.രാഹുല്‍. കാരണം, ഐപിഎല്ലില്‍ രാഹുല്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്നു മാക്‌സ്‌വെല്‍, അതും വലിയ തുകയ്‌ക്ക് പഞ്ചാബ് സ്വന്തമാക്കിയ താരം. ഐപിഎല്ലിലെ മോശം പ്രകടനത്തിനു പഴികേട്ട മാക്‌സ്‌വെല്‍ തന്നെയാണോ ഇതെന്ന് ഒരു നിമിഷത്തേക്ക് രാഹുല്‍ ശങ്കിച്ചുകാണും.

ഇത്തവണത്തെ ഐപിഎല്ലില്‍ പഞ്ചാബിന് വേണ്ടി 11 കളികളില്‍ നിന്ന് 15.42 എന്ന ചെറിയ ശരാശരിയില്‍ വെറും 108 റണ്‍സ് മാത്രമായിരുന്നു മാക്സിയുടെ സംഭാവന. എന്നാല്‍, രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനവും. ഇതെല്ലാം കണ്ട് രാഹുല്‍ മാത്രമല്ല ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ എല്ലാം ഞെട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മാക്‌സ്‌വെല്‍ ട്രോളുകള്‍കൊണ്ട് നിറഞ്ഞു. മത്സരശേഷം അതിലൊരു ട്രോള്‍ ന്യുസിലന്‍ഡ് ക്രിക്കറ്റ് താരം ജിമ്മി നീഷാം പങ്കുവച്ചു. ഈ ട്രോളില്‍ മാക്‌സ്‌വെല്ലിനെയും മെന്‍ഷന്‍ ചെയ്തിരുന്നു. ട്രോള്‍ കണ്ട് മാക്‌സ്‌വെല്ലിനും ചിരി അടക്കാനായില്ല. ബാറ്റ് ചെയ്യുന്നതിനിടെ താന്‍ കെ.എല്‍.രാഹുലിനോട് ക്ഷമാപണം നടത്തിയതായി മാക്‌സ്‌വെല്‍ കമന്റ് ചെയ്‌തു. ഇതുകണ്ട ക്രിക്കറ്റ് ആരാധകര്‍ക്ക് ചിരി അടക്കാനായില്ല. മാക്‌സ്‌വെല്‍ മാത്രമല്ല, ഐപിഎല്ലില്‍ വന്‍ നിരാശ സമ്മാനിച്ച ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്‌മിത്ത് എന്നിവരും ഓസീസ് ജഴ്‌സിയില്‍ ഉശിരന്‍ പ്രകടനമാണ് പുറത്തെടുത്തത്.

ഓസ്‌ട്രേലിയക്ക് വേണ്ടി നായകന്‍ ആരോണ്‍ ഫിഞ്ചും മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും സെഞ്ചുറി നേടി. 124 പന്തില്‍ നിന്ന് ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 114 റണ്‍സ് നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. ഫിഞ്ചിനേക്കാള്‍ ആക്രമണകാരി സ്റ്റീവ് സ്‌മിത്തായിരുന്നു. വെറും 66 പന്തില്‍ നിന്നാണ് സ്‌മിത്ത് 105 റണ്‍സ് നേടിയത്. 11 ഫോറും നാല് സിക്‌സും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു സ്‌മിത്തിന്റേത്. ഐപിഎല്ലില്‍ കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്നു ആരോണ്‍ ഫിഞ്ച്. സ്റ്റീവ് സ്‌മിത്ത് രാജസ്ഥാന്‍ റോയല്‍സ് നായകനും.

LEAVE A REPLY

Please enter your comment!
Please enter your name here