കേരള സ്റ്റാർട്ടപ് മിഷൻ, മലയാളി ബിസിനസ് ഡോട്‌കോം എന്നിവയുമായി സഹകരിച്ച്‍ ഇന്റർനാഷനൽ പ്രമോട്ടേഴ്‌സ് അസോസിയേഷൻ (ഐപിഎ) ഒരുക്കുന്ന ‘ഇഗ്‌നൈറ്റ് 2022’ ടെക് ഇൻവെസ്റ്റ്‌മെന്റ് മീറ്റ് നാളെ ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഇന്റർകോന്റിനെന്റൽ ഹോട്ടലിൽ നടക്കും.
സാങ്കേതിക മേഖലയിൽ നിക്ഷേപാവസരങ്ങൾ തേടുന്നവർക്ക് ഏറെ പ്രയോജനപ്രദമാകും മീറ്റെന്ന് സംഘാടകർ അറിയിച്ചു. ഇതോടനുബന്ധിച്ച്,നടക്കുന്ന ബിസിനസ് പ്രദർശനം നാളെ രാവിലെ 11 മുതൽ വൈകിട്ട് 6 വരെയും സ്റ്റാർട്ടപ് നിക്ഷേപത്തിലെ മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട ഇന്ററാക്ടീവ് ഫോറം വൈകുന്നേരം 6 മുതൽ 8 മണി വരെയും നടക്കും.
സാങ്കേതിക വിദ്യയിലൂടെ ബിസിനസിനെ എങ്ങനെ ഉയരങ്ങളിലെത്തിക്കാമെന്ന വിഷയം ആസ്പദമാക്കിയുള്ള വിദഗ്‌ദോപദേശ സെഷൻ രാത്രി 8 മുതൽ 10 വരെയും ഉണ്ടായിരിക്കും. രാവിലെ ആരംഭിക്കുന്ന പ്രദർശനത്തിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഇരുപതോളം കമ്പനികൾ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന കോൺഫറൻസിൽ കേരള സ്റ്റാർട്ടപ് മിഷൻ ഡയറക്ടർ പി.എം റിയാസ്, കോഓർഡിനേറ്റർ നസീഫ് എന്നിവർ പങ്കെടുക്കും.
മലബാർ എയ്ഞ്ചൽ നെറ്റ്‌വർക് ചെയർമാൻ ശൈലൻ സുഗുണൻ, ഫ്രഷ് 2 ഹോം കോഫൗണ്ടർ മാത്യു ജോസഫ് എന്നിവർ പങ്കെടുക്കുന്ന പാനൽ ഡിസ്‌കഷനും, കേരളത്തിൽ നിന്നുള്ള 4 പുതിയ സ്റ്റാർട്ടപ്പുകളുടെ ഇൻവെസ്റ്റർ പിച്ചുമുണ്ടാകും. സാങ്കേതിക വിദ്യകൾ വഴിയുള്ള അവസരങ്ങളുടെ അനന്ത സാധ്യതകളാണ് ‘ഇഗ്‌നൈറ്റ് 2022’ കാത്തുവച്ചിരിക്കുന്നതെന്ന് മലയാളി ബിസിനസ് ഡോട്‌കോം സ്ഥാപകൻ മുനീർ അൽവഫ പറഞ്ഞു.
ബിസിനസ് മേഖല കൂടുതൽ ആധുനികവൽകരിക്കപ്പെടുന്ന കാലത്ത് മാറ്റങ്ങൾ സംരംഭകർക്ക് പരിചയപ്പെടുത്താനും അതിന്റെ സാധ്യതകൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനുമാണ് മേള ഒരുക്കുന്നതെന്ന് ചെയർമാൻ വി.കെ ഷംസുദ്ദീൻ അറിയിച്ചു.
ഐപിഎ സ്ഥാപകൻ എ.കെ ഫൈസൽ ,കേരള സ്റ്റാർട്ടപ്പ് മിഷന്റെ ബിസിനസ് ഡവലപ്മെന്റ് മാനേജർ എൻ.എം നാസിഫ് ,സ്റ്റാർട്ടപ്പ് മിഷൻ എക്സ്റ്റേണൽ ഫണ്ടിങ് മാനേജർ റാസിഖ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.