ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യൻ റിഫൈനറികളോട്​ യു.എ.ഇ ദിർഹത്തിൽ പണമിടപാട്​ നടത്താൻ റഷ്യ ആവശ്യപ്പെട്ടതായി റോയിട്ടേഴ്​സ്​ റിപ്പോർട്ട്​ ചെയ്തു. രണ്ട്​ ഇന്ത്യൻ റിഫൈനറികൾ ഇതനുസരിച്ച്​ ദിർഹത്തിൽ പണം നൽകിയതായും റിപ്പോർട്ടുണ്ട്​. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധത്തിന്‍റെ പശ്ചാത്തലത്തിലാണ്​ ഡോളറിലുള്ള വിനിമയം ഒഴിവാക്കി ദിർഹം നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടത്​.

ഇൻവോയ്​സ്​ തയാറാക്കിയത്​ ഡോളറിന്‍റെ മൂല്യത്തിലാണെങ്കിലും പണമിടപാട്​ ദിർഹത്തിൽ ആയിരിക്കണമെന്നാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. റഷ്യയിലെ എണ്ണ ഭീമനായ റോസ്​നെഫ്​റ്റ്​ ട്രേഡിങ്​ സ്ഥാപനങ്ങളായ എവറസ്റ്റ്​ എനർജി, കോറൽ എനർജി എന്നിവ വഴിയാണ്​ ഇന്ത്യയിലേക്ക്​ ക്രൂഡ്​ ഓയിൽ ഇറക്കുമതി ചെയ്യുന്നത്​. ദുബൈയിലെ മശ്​രിഖ്​ ബാങ്ക വഴി ഗാസ്​പ്രോംബാങ്കിലേക്ക്​ പണമിടപാട്​ നടത്താനാണ്​ റഷ്യ ഇന്ത്യൻ റിഫൈനറികളോട്​ ആവശ്യപ്പെട്ടതെന്ന്​ റോയിട്ടേഴ്​സ്​ റിപ്പോർട്ട്​ ചെയ്യുന്നു. ഇതനുസരിച്ച്​ രണ്ട്​ റിഫൈനറികൾ ദിർഹത്തിലാണ്​ പണമിടപാട്​ നടത്തിയത്​. വരും ദിവസങ്ങളിൽ കൂടുതൽ റിഫൈനറികൾ ദിർഹത്തിൽ റഷ്യക്ക്​ പണം കൈമാറുമെന്നും സൂചനയുണ്ട്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിശദീകരണം ആവശ്യപ്പെട്ട്​ റോയിട്ടേഴ്​സ്​ അയച്ച മെയിലുകളോട്​ റോസ്​നെഫ്​റ്റ്, എവറസ്റ്റ്​ എനർജി, കോറൽ എനർജി എന്നീ സ്ഥാപനങ്ങൾ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here