കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ വലിയ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ ക്യാബിനറ്റ് മന്ത്രിമാരും രാജിവച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതു കത്തില്‍ എല്ലാവരും ഒപ്പുവച്ചതായി ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. രാജപക്സെയുടെ മകനും കായികമന്ത്രിയുമായ നമല്‍ രാജപക്സെയും രാജിവെച്ചവരില്‍പ്പെടും. ഇതോടെ രാജ്യത്ത് പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതിന് വഴിയൊരുങ്ങുകയാണ്.

നിലവില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ പക്കലാണ് കത്തുള്ളത്. ഇത് പ്രസിഡന്റ് ഗോതബയ രാജപക്സെക്ക് കൈമാറും. വരും ദിവസങ്ങളില്‍ പുതിയ മന്ത്രിസഭ രൂപവത്ക്കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹിന്ദ രാജപക്സെ തുടരുമെന്നും മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും രാജിക്കത്ത് നല്‍കിയതായും എം പി ദിനേഷ് ഗുണവര്‍ധന സ്ഥിരീകരിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന രാജ്യത്തിന്റെ ധനമന്ത്രി ഇനി ആരാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നേരത്തെ മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോര്‍ട്ട് വന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്പാടും രാജപക്സെ സര്‍ക്കാരിനെതിരേ വന്‍പ്രതിഷേധമാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here