കളിക്കളം എല്ലായ്പ്പോഴും രണഭൂമിയാകണമെന്നില്ല. എന്നാൽ ചിലപ്പോഴത് പൂർണാർഥത്തിൽ രണഭൂമിയാകാറുമുണ്ട്. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടക്കുമ്പോഴൊക്കെ മൈതാനം യുദ്ധഭൂമിയും കളിക്കാർ യോദ്ധാക്കളുമായി മാറുന്നു.

പന്ത് കവർ ഡ്രൈവിലൂടെ അതിർത്തി കടത്തിയപ്പോൾ ആമീർ സൊഹൈൽ ഒരു മദയാനയെ പോലെ ഉൻമാദിച്ചിരിക്കണം. പാക്കിസ്ഥാനെ അപ്പാടെ തകർത്ത പന്തായിരുന്നു വെങ്കിടേഷ് പ്രസാദ് പിന്നെ തൊടുത്തുവിട്ടത്. ഇത് 96ലെ കഥ. ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങളിലൊക്കെ ഇതു പോലാരു സുന്ദര നിമിഷം കരുതി വച്ചിട്ടുണ്ടാകും ടീം ഇന്ത്യ. അതുകൊണ്ടാണ് ലോകകപ്പിൽ അല്ലായിരുന്നുവെങ്കിലും ഋതികേശ് കനിത്കറെ ഒരിന്ത്യൻ ക്രിക്കറ്റ് പ്രേമിയും മറക്കാത്തത്.

പ്രഥമ ട്വന്റി-20യിൽ പാക്കിസ്ഥാൻ ലോക കിരീടം ചൂടിയെന്നുറപ്പിച്ചതാണ്. അന്ന് ആ സുവർണ നിമിഷം യൈയ്യിലൊളിപ്പിച്ചോടിയെത്തിയ ശാന്തകുമാരൻ ശ്രീശാന്തിനെ അപ്പോഴാണവർ കണ്ടത്. 1992, 96, 99 ഏകദിന ലോകകപ്പുകളിൽ ഇന്ത്യ-പാക് ഏറ്റുമുട്ടൽ ക്രിക്കറ്റിലെ ആഗോള മൽസരമായിരുന്നു. മൂന്നുതവണയും ജയിച്ച് ടീം ഇന്ത്യ രാജ്യത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി. അയൽക്കാർ അണിനിരക്കുമ്പോൾ കാർഗിൽ യുദ്ധവും, മുംബൈ ഭീകരാക്രമണങ്ങളുമൊക്കെ കളിക്കാർക്കിടയിലോ കാണികൾക്കിടയിലൊ തെളിയുന്നുണ്ടാകാം. അപ്പോഴാകാം മത്സരത്തിന് കളിക്കപ്പുറമുള മാനം കൈവരുന്നത്.

1971ലെ യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കമുണ്ടായത് ഏഴു വർഷങ്ങൾക്കു ശേഷം ക്രിക്കറ്റ് മത്സരത്തിന് വഴയൊരുക്കിയതിലൂടെയാണ്.

ഇന്ന് പൊരിഞ്ഞ പോരാട്ടം നടക്കട്ടെ. അന്തിമ ജയം കോഹ്ലിയും കൂട്ടർക്കും ആകട്ടെ എന്നും ആഗ്രഹിക്കാം. അപ്പോഴും നമുക്കോർക്കാം. കളിയിൽ വൈര്യം മാത്രമല്ല, സൗഹൃദവും, മഞ്ഞുരുക്കങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here