കോവിഡ് -19​​ ന്റെ പശ്ചാത്തലത്തിൽ തടവുകാരെ നിബന്ധനകൾക്ക്​ വിധേയമായി വിട്ടയക്കണമെന്ന സുപ്രീം കോടതിയുടെ തീരുമാനം ശിരസ്സാവഹിച്ച്​ സംസ്​ഥാനങ്ങൾ. അഞ്ച്​ സംസ്​ഥാനങ്ങളിലായി 23,000 തടവുകാരാണ്​ പുറത്തിറങ്ങിയത്​.​ മറ്റുസംസ്​ഥാനങ്ങളും നിരവധി പേർക്ക്​ വിടുതൽ നൽകിയിട്ടുണ്ട്​. 7,200 തടവുകാരെ മോചിപ്പിച്ച മഹാരാഷ്ട്രയും 6,500 പേരെ വിട്ടയച്ച മധ്യപ്രദേശുമാണ്​ ഇതിൽ മുൻപന്തിയിൽ.

ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്​ത വിചാരണ തടവുകാരെയും പരോളിലുള്ളവരെയും വിട്ടയക്കാനാണ്​ കോടതി നിർദേശിച്ചത്​. ഇതുസംബന്ധിച്ച്​ ഉന്നതതല സമിതി രൂപവത്കരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മാർച്ചിൽ നിർദേശം നൽകിയിരുന്നു.

10000 ഓളം പേരെ കൂടി പുറത്തുവിടാനുള്ള ഒരുക്കത്തിലാണ്​ മഹാരാഷ്ട്ര. രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത സംസ്​ഥാനമെന്ന നിലയിൽ ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാനാണ്​ ഇതെന്ന്​ അധികൃതർ പറഞ്ഞു.

മധ്യപ്രദേശിൽ 6,500 പേർ പുറത്തിറങ്ങി

മധ്യപ്രദേശിൽ 3,900 പേർക്ക് പരോൾ അനുവദിച്ചതായും 2,600 പേരെ കോടതി ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചതായും സംസ്ഥാന ജയിൽ ഡി.ഐ.ജി സഞ്ജയ് പാണ്ഡെ പറഞ്ഞു. സംസ്ഥാനത്തെ 131 ജയിലുകളിലായി 28,500 തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയാണുള്ളത്​. എന്നാൽ, 6,500 തടവുകാരെ വിട്ടയച്ചതിനുശേഷവും 39,000 പേർ ഇപ്പോഴും ജയിലുകളിലുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഛത്തീസ്ഗഡിൽ 3,418 പേർ

മേയ് 11 വരെ 3,418 തടവുകാരെയാണ്​ ഛത്തീസ്ഗഡ്​ ജയിലിൽനിന്ന് ഇളവുലഭിച്ചത്​. ഈ കാലയളവിൽ ശിക്ഷ പൂർത്തിയായ 100 തടവുകാരെയും വിട്ടയച്ചു.

33 ജയിലുകളിൽ നിന്ന് 1,269 തടവുകാരെ ഇടക്കാല ജാമ്യത്തിലും 1,844 പേരെ സാധാരണ ജാമ്യത്തിലും 305 പേരെ പരോളിലും വിട്ടയച്ചു. ഛത്തീസ്ഗഡ്​ ഹൈകോടതി ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയുടെ നേതൃത്വത്തിൽ മൂന്നംഗ ഉന്നത സമിതിയാണ്​ ഇതിന്​ നേതൃത്വം നൽകിയത്​.

അസം വിട്ടയച്ചത്​ 3,550 തടവുകാരെ

പൗരത്വം തെളിയിക്കാനാവാതെ ഡിറ്റൻഷൻ ക്യാമ്പിലുള്ള 300 പേർ ഉൾപ്പെടെ 3,550 തടവുകാരെ വിട്ടയച്ചതായി അസമി​ലെ മുതിർന്ന ജയിൽവകുപ്പ്​ ഉദ്യോഗസ്ഥൻ പറഞ്ഞു. സംസ്ഥാനത്തെ 31 ജയിലുകളിൽ നിലവിൽ ഉൾക്കൊള്ളാവുന്നതിനേക്കാൾ 8,510 തടവുകാർ അധികമുണ്ട്​.

ആറ് തടങ്കൽപ്പാളയങ്ങളിലായി 479 പേരാണ്​ പൗരത്വ പ്രശ്​നത്തിൽ തടവിൽ കഴിയുന്നത്​. ഇതുകൂടാതെ ആറ് സെൻട്രൽ ജയിലുകൾ, 22 ജില്ല ജയിലുകൾ, ഒരു തുറന്ന ജയിൽ, ഒരു പ്രത്യേക ജയിൽ, ഒരു സബ് ജയിൽ എന്നിവയാണ്​ സംസ്​ഥാനത്തുള്ളത്​.

ഗുജറാത്തിൽ ഇളവനുദിച്ചത്​ 2,500 പേർക്ക്​

കോവിഡ്​ പശ്​ചാത്തലത്തിൽ ഗുജറാത്തിലെ 28 ജയിലുകളിൽനിന്നായി 2500 തടവുകാരെ വിട്ടയച്ചു. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ 14,000 തടവുകാരുണ്ടെന്ന് എ​.ഡി.ജി.പി കെ.എൽ.എൻ. റാവു പറഞ്ഞു.

ഈ തടവുകാരിൽ ആയിരത്തോളം പേരെ ഇടക്കാല ജാമ്യത്തിലും 800 പേരെ പരോളിലും 700 പേർക്ക്​ തൽക്കാല ജാമ്യത്തിലുമാണ്​ വിട്ടയച്ചത്​.

ഗോവയിൽ 44 പേർക്ക്​ പരോൾ

നാല് സ്ത്രീകൾ ഉൾപ്പെടെ 44 തടവുകാർക്ക് ഗോവ സെൻട്രൽ ജയിൽ പരോൾ അനുവദിച്ചു. നോർത്ത് ഗോവ ജില്ലയിലെ കോൾവാലെയിലുള്ള സെൻട്രൽ ജയിലിൽ ആകെ 486 തടവുകാരാണ്​ ഉണ്ടായിരുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here