ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം അവസാനിക്കുമ്ബോള്‍ ചരിത്ര താളുകളില്‍ തമിഴ് നാട്ടുകാരന്‍ തങ്കരസ് നടരാജന്‍ എന്ന ടി. നടരാജന്റെ പേര് സ്വര്‍ണ ലിബികളാല്‍ തന്നെ രേഖപ്പെടുത്തും. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് നെറ്റ് ബോളറായി പുറപ്പെട്ട നടരാജന്‍ കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ കുപ്പായത്തില്‍ നടരാജന്‍ കളത്തിലിറങ്ങി, വിക്കറ്റുകള്‍ കൊയ്തു.

ഒരു പരമ്ബരയില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും നടരാജന്‍ സ്വന്തമാക്കി. പരുക്ക് ഇന്ത്യന്‍ ടീമിനെ വേട്ടയാടിയപ്പോള്‍ ബ്രിസ്ബെയ്നില്‍ നടക്കുന്ന നിര്‍ണായകമായ നാലാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനിലും നടരാജന്‍ ഇടംപിടിക്കുകയായിരുന്നു.

നേരത്തെ ഡിസംബര്‍ രണ്ടിന് ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് നീലകുപ്പായത്തിലുള്ള തന്രെ ആദ്യ മത്സരത്തിന് നടരാജനെത്തിയത്. പത്ത് ഓവറില്‍ 70 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത താരം ഭേദപ്പെട്ട പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ഇതോടെ ടി20 ടീമിലും താരത്തിന് അവസരം ലഭിച്ചു. മൂന്ന് മത്സരങ്ങളിലും പ്ലെയിങ് ഇലവനിലുള്‍പ്പെട്ട താരം ആറ് വിക്കറ്റും സ്വന്തമാക്കി.

ടെസ്റ്റിലും മികച്ച പ്രകടനമാണ് നടരാജന്‍ പുറത്തെടുത്തത്. അരങ്ങേറ്റക്കാരന്‍ നടരാജന്‍ നല്‍കിയ ബ്രേക്ക് ത്രൂവാണ് കൂറ്റന്‍ സ്കോറിലേക്ക് മുന്നേറുകയായിരുന്ന ഓസ്ട്രേലിയയ്ക്ക് കടിഞ്ഞാണിട്ടത്. 20 ഓവറില്‍ 63 റണ്‍സ് വഴങ്ങിയ താരം ആദ്യ ദിനം രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മാത്യു വെയ്ഡ് ലബുഷെയ്ന്‍ സഖ്യം ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഇരുവരെയും നടരാജനാണ് കൂടാരം കയറ്റിയത്.

സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ഇരുവരെയും പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത് നടരാജനായിരുന്നു. 45 റണ്‍സെടുത്ത വെയ്ഡിനെ നടരാജന്‍ ഠാക്കൂറിന്റെ കൈകളിലേക്കും 108 റണ്‍സെടുത്ത ലബുഷെയ്നിനെ പന്തിന്റെ കൈകളിലേക്കും എത്തിക്കുകയായിരുന്നു.

പരുക്കിന്റെ കെണിയിലാണ് ടീം ഇന്ത്യ. ഇതുവരെ മികച്ച പ്രകടനം നടത്തിയ ആര്‍.അശ്വിന്‍, ജസ്‌പ്രീത് ബുംറ എന്നിവര്‍ നാലാം ടെസ്റ്റില്‍ കളിക്കുന്നില്ല. അശ്വിന് പകരം വാഷിങ്‌ടണ്‍ സുന്ദര്‍ ടീമില്‍ ഇടം നേടി. ഷാര്‍ദുല്‍ താക്കൂറും ടി.നടരാജനും പേസ് നിരയിലേക്കും എത്തി. ഹനുമ വിഹാരിക്ക് പകരം മായങ്ക് അഗര്‍വാള്‍ ബാറ്റിങ് നിരയില്‍ ഇടം പിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here