ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനത്തില്‍ ക്രിക്കറ്റിനു നിരക്കാത്ത പ്രവൃത്തിയുമായി ഓസീസ് താരം സ്റ്റീവ് സ്‌മിത്ത്. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്‌ച്ചുകളഞ്ഞ സ്‌മിത്ത് വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്. നേരത്തെ പന്ത് ചുരണ്ടല്‍ കുറ്റത്തിനു ശിക്ഷിക്കപ്പെട്ട താരമാണ് സ്‌മിത്ത്. ഇതേ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിലക്കും ലഭിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ മത്സരത്തില്‍ ഗാര്‍ഡ് മാര്‍ക്ക് മായ്‌ച്ചുകളഞ്ഞതോടെ സ്‌മിത്തിന് ഒരു മാറ്റവുമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. ഓസീസ് ആരാധകര്‍ അടക്കം സ്‌മിത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഇന്നത്തെ ആദ്യ സെഷനിലെ ഡ്രിങ്ക്സ് ബ്രേക്കിന് ശേഷമാണ് സംഭവം. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ച ശേഷമാണ് സ്‌മിത്ത് ബാറ്റ്‌സ്‌മാന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചുകളഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുറച്ചുനേരം ക്രീസിനരികെ ചുറ്റിതിരിഞ്ഞ ശേഷമാണ് സ്‌മിത്ത് ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചുകളയാന്‍ നോക്കിയത്. ഈ സമയത്ത് പന്ത് ക്രീസില്‍ ഉണ്ടായിരുന്നില്ല. സ്‌മിത്ത്, ഗാര്‍ഡ് മാര്‍ക്ക് മായ്‌ക്കാന്‍ ശ്രമിക്കുന്നത് സ്റ്റമ്ബിലെ ക്യാമറയിലാണ് പതിഞ്ഞത്. താരത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും ജഴ്‌സി നമ്ബര്‍ 49 ആണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ഇതാണ് സ്‌മിത്തിനെ കുടുക്കിയത്. ഷൂസുകൊണ്ടാണ് സ്‌മിത്ത് പിച്ചിലെ ഗാര്‍ഡ് മാര്‍ക്ക് മായ്‌ക്കാന്‍ നോക്കുന്നത്. അതേസമയം, ഡ്രിങ്ക്സ് ബ്രേക്കിനു ശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് വീണ്ടും ഗാര്‍ഡ് മാര്‍ക്ക് എടുക്കുകയായിരുന്നു.

ചതിയിലൂടെയല്ലാതെ കളിച്ചു ജയിച്ചൂടെയെന്ന് സ്‌മിത്തിനോട് ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നു. ക്രിക്കറ്റിന്റെ മാന്യത കളയുകയാണ് സ്‌മിത്ത് ചെയ്യുന്നതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. പന്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന സമയത്താണ് സ്‌മിത്ത് ഇത് ചെയ്‌തത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് അഞ്ചാം ദിനം ഇന്ത്യയ്‌ക്ക് തുണയായത്. പന്ത് 118 പന്തില്‍ 97 റണ്‍സ് നേടിയാണ് പുറത്തായത്. 12 ഫോറുകളും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു പന്തിന്റെ കിടിലന്‍ ഇന്നിങ്സ്. സ്‌കോറിങ് വേഗത്തിലാക്കാന്‍ ശ്രമിച്ചാണ് അര്‍ഹിക്കുന്ന സെഞ്ചുറിക്ക് തൊട്ടരികെ പന്തിന് വിക്കറ്റ് നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here