ദുബായ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യ ഞായറാഴ്ച ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുകയാണ്. തോറ്റാല്‍ ഇരു ടീമുകളുടെയും സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിക്കുമെന്നതിനാല്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഇത് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടമാണ്.

ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് സമ്പൂര്‍ണ തോല്‍വി വഴങ്ങിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നതെങ്കില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനോട് പൊരുതിത്തോറ്റാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ 18 വര്‍ഷമായി മോശം റെക്കോര്‍ഡുള്ള ഇന്ത്യക്ക് തലവേദനയാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. മത്സരത്തിലെ ടോസ്. രാത്രിയിലെ മഞ്ഞുവീഴ്ച കാരണം രണ്ടാമത് ബാറ്റ് ചെയ്യുന്നത് താരതമ്യേന എളുപ്പമായ ദുബായിലെ പിച്ചില്‍ ഇത്തവണയെങ്കിലും ടോസിലെ ഭാഗ്യം കോലിയെ തുണക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ ഇതുവരെ നടന്ന 10 കളികളില്‍ ഒമ്പതിലും ചേസ് ചെയ്ത ടീമാണ് ജയിച്ചത്. സ്കോട്‌ലന്‍ഡിനെതിരെ അഫ്ഗാന്‍ ആദ്യം ബാറ്റ് ചെയ്തത് മാത്രമാണ് ഇതിനൊരപവാദം. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ നിര്‍ണായക ടോസ് കോലി കൈവിട്ടിരുന്നു. ഇത് മത്സരഫലത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. ടോസ് ജയിക്കുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മുന്നില്‍ മഞ്ഞുവീഴ്ച വലിയ പ്രതിസന്ധിയാകുമ്പോള്‍ ടോസാകും മത്സരത്തിലെ ഏറ്റവും നിര്‍ണായക ഘടകമാവുക.

2017ല്‍ ടെസ്റ്റിന് പുറമെ ഇന്ത്യയുടെ ഏകദിന ടി20 ടീമുകളുടെയും നായകനായശേഷം നിര്‍ണായക മത്സരങ്ങളിലൊന്നും ടോസിലെ ഭാഗ്യം കോലിയെ തുണച്ചിട്ടില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മാത്രമാണ് ഇതിനൊരു അപവാദം. അന്ന് പക്ഷെ ടോസ് ജയിച്ച കോലി പാക്കിസ്ഥാനെ ബാറ്റിംഗിന് അയക്കുകയും പാക്കിസ്ഥാന്‍ വമ്പന്‍ സ്കോര്‍ നേടി ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടുകയും ചെയ്തിരുന്നു.

2019ലെ ഏകദിന ലോകകപ്പിന്‍റെ സെമിഫൈനലില്‍ കോലിയെ ടോസിലെ ഭാഗ്യം കൈവിട്ടു. ഈ വര്‍ഷം നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കെയ്ന്‍ വില്യംസണ് മുന്നില്‍ കോലിക്ക് ടോസ് നഷ്ടമായി. ഇതുവരെ 63 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള കോലിക്ക് 27 മത്സരങ്ങളിലാണ് ടോസ് നേടാനായത്.

ഏകദിനത്തില്‍ 95 മത്സരങ്ങളില്‍ 40 എണ്ണത്തിലും ടി20യില്‍ 46 എണ്ണത്തില്‍ 18ലും മാത്രമാണ് കോലിയെ ടോസ് ഭാഗ്യം അനുഗ്രഹിച്ചത്. നൂറില്‍ കൂടുതല്‍ മത്സരങ്ങളില്‍ രാജ്യത്തെ നയിച്ച ക്യാപ്റ്റന്‍മാരില്‍ ടോസ് ഏറ്റവും കൂടുതല്‍ നഷ്ടമായ താരവും കോലിയാണ്. ആകെ 203 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലിക്ക് 85 എണ്ണത്തിലെ ടോസ് നേടാനായുള്ളു. 118 എണ്ണത്തില്‍ ടോസ് നഷ്ടമായി.

നിലവില്‍ ടി20 ലോകകപ്പില്‍ കളിക്കുന്ന ടീമുകളുടെ നായകന്‍മാരില്‍ ടോസിന്‍റെ കാര്യത്തില്‍ ഏറ്റവും ഭാഗ്യംകെട്ട നായകനും കോലിയാണ്. വെസ്റ്റ് ഇന്‍ഡീസിന്‍റെ കീറോണ്‍ പൊള്ളാര്‍ഡാണ് ടോസിലെ വിജയശരാശരിയില്‍ മുന്നിലുള്ളത്. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ രണ്ടാം സ്ഥാനത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here