ഈ വര്‍ഷത്തെ ഐപിഎലിനു മുന്നോടിയായുള്ള താരലേലത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ച്‌ ലേലം നടക്കുമെന്ന് ഐപിഎല്‍ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. ഏപ്രില്‍, മേയ് മാസങ്ങളിലായി ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ മത്സരതീയതി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു കഴിഞ്ഞ സീസണ്‍ യുഎഇയിലാണ് നടത്തിയത്.

താരലേലത്തിനു മുന്‍പേയുള്ള ‘തലമാറ്റ’ത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഷെയ്ന്‍ വാട്‌സണും പാര്‍ഥിവ് പട്ടേലുമുള്‍പ്പെടെ 60 താരങ്ങളാണ് ഐപിഎല്‍ ടീമില്‍നിന്നു പുറത്തായത്. ഗ്ലെന്‍ മാക്‌സ്വെലും സ്റ്റീവ് സ്മിത്തും ഷെല്‍ഡണ്‍ കോട്രലും ഉള്‍പെടെയുള്ള വമ്ബന്‍മാരടക്കം 22 വിദേശതാരങ്ങളെ ടീമുകള്‍ കയ്യൊഴിഞ്ഞു. 22 അംഗ ടീമില്‍ നിന്നു 10 താരങ്ങളെ ഒഴിവാക്കിയ ബംഗളൂരുവാണു മാറ്റത്തില്‍ മുന്നില്‍.

കാര്യമായ മാറ്റങ്ങള്‍ക്കു ശ്രമിക്കാത്ത രണ്ടു ടീമുകള്‍ ഹൈദരാബാദും കൊല്‍ക്കത്തയുമാണ്. നിലവിലെ ടീം ഏറെക്കുറെ നിലനിര്‍ത്തിയ ഇരുസംഘങ്ങളും അഞ്ചു താരങ്ങളെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ വിദേശനിരയിലാണു പ്രകടമായ മാറ്റം. മുംബൈ ഒഴിവാക്കിയ ഏഴില്‍ അഞ്ചു പേരും വിദേശതാരങ്ങളാണ്. രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ടീമുമായി കരാര്‍ ഇല്ലാത്തവരും എന്നാല്‍ ലേലത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതുമായ കളിക്കാര്‍, കരാര്‍ ഫോം പൂരിപ്പിച്ച്‌ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ ഓണ്‍ലൈനായി സമര്‍പിക്കണം. ഇതിന്റെ ഒറിജിനലുകള്‍ ഫെബ്രുവരി 12വരെ തപാല്‍ വഴി അയയ്ക്കാം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രികെറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേരള താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീന്‍, ജലജ് സക്‌സേന തുടങ്ങിവര്‍ക്ക് ലേലത്തില്‍ മികച്ച പ്രതീക്ഷയാണ് ഉള്ളത്.

ടീമുകളും ലേലത്തുകയും (തുക രൂപയില്‍)

കിങ്‌സ് ഇലവന്‍ 53.2 കോടി

റോയല്‍ ചാലഞ്ചേഴ്‌സ് 35.9 കോടി

രാജസ്ഥാന്‍ റോയല്‍സ് 34.85 കോടി

ചെന്നൈ സൂപ്പര്‍ കിങ്‌സ് 22.9 കോടി

മുംബൈ ഇന്ത്യന്‍സ് 15.35കോടി

ഡെല്‍ഹി ക്യാപ്പിറ്റല്‍സ് 12.9 കോടി

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 10.75 കോടി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10. 75 കോടി

LEAVE A REPLY

Please enter your comment!
Please enter your name here