റിയാദ്: സൗദിയിൽ റിയല്‍ എസ്‌റ്റേറ്റ് മേഖല സ്വദേശിവത്കരിക്കുന്നു. ഹ്യുമന്‍ റിസോര്‍സ് ഡവലപ്മെന്റ് ഫണ്ട് (ഹദഫ്) ആണ് റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റിയുമായി സഹകരിച്ച്‌ സ്വദേശിവത്കരണം നടപ്പാക്കുന്നത്. രാജ്യത്തെ യുവതി യുവാക്കളായ 11,200 ആളുകള്‍ക്ക് പരിശീലനം നല്‍കി ഈ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. ഇതോടെ ഈ മേഖലയില്‍ മലയാളികള്‍ അടക്കം നിരവധി പ്രവാസികള്‍ക്ക് സമീപ ഭാവിയില്‍ തൊഴില്‍ നഷ്ടമാകും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാനവ മൂലധനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അതോറിറ്റി സഊദി ചേംബേഴ്‌സ് കൗണ്‍സിലുമായി സഹകരിക്കുന്നതിന് മെമ്മോറാണ്ടം ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അതോറിറ്റിയുടെ സമഗ്രമായ തന്ത്രം നടപ്പാക്കാനാണ് മെമ്മോറാണ്ടം ലക്ഷ്യമിടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന പുരുഷ-വനിതാ തൊഴിലന്വേഷകരെ പരിശീലിപ്പിക്കാനും യോഗ്യത നേടാനുമാണ് പ്രോഗ്രാം ലക്ഷ്യമിടുന്നതെന്ന് ഹദഫ് വെളിപ്പെടുത്തി. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇതില്‍ ചേരാം. 18 നും 60 നും ഇടയില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അതേസമയം, പൊതു, സ്വകാര്യ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ വാണിജ്യ രജിസ്ട്രേഷന്‍ കൈവശമുള്ളവര്‍ക്കോ ഇതില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഹദഫ് അറിയിച്ചു. പരിശീലന കോഴ്സുകള്‍ പാസായവരെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്ഥാപനങ്ങളില്‍ നിയമിക്കും.

അതേസമയം, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രൊഫഷണലായി യോഗ്യത നേടുന്നതിന് പരിശീലനം നല്‍കുന്നതിനായി ഈ വര്‍ഷം റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേറേജ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ പരിശീലന പദ്ധതി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് സഊദി റിയല്‍ എസ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജി: ഖാലിദ് അല്‍ ഹമ്മദി പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന ഗുണനിലവാരം കൈവരിക്കുന്നതിലൂടെ തൊഴില്‍ വിപണിയില്‍ പ്രവേശിക്കാന്‍ പ്രാപ്തരാകുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സഊദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണയിതര സാമ്ബത്തിക മേഖലയാണ് റിയല്‍ എസ്റ്റേറ്റ് മേഖല എന്നത് ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here