ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുന്നേര്‍. ഒരു തവണ പോലും കിരീടം സ്വന്തമാക്കിയിട്ടില്ല എന്ന ചീത്തപ്പേര് തിരുത്തിയെഴുതാണ് ഇത്തവണ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയും കെ.എല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബും ടൂര്‍ണമെന്റില്‍ എത്തുന്നത്. ഈ യുവനായകന്മാരില്‍ തന്നെയാണ് ഇരു ടീമുകളുടെയും പ്രതീക്ഷയും.

ഇതുവരെ കിരീടം സ്വന്തമാക്കിയിട്ടില്ലെന്ന് മാത്രമല്ല പലപ്പോഴും അവസാന സ്ഥാനക്കാരായാണ് ഡല്‍ഹിയും പഞ്ചാബും ടൂര്‍ണമെന്റ് അവസാനിപ്പിക്കാറുള്ളത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി കഴിഞ്ഞ തവണ പ്ലേ ഓഫിന് യോഗ്യത നേടിയതെങ്കില്‍ 2014ന് ശേഷം ഒരിക്കല്‍ പോലും പഞ്ചാബ് പ്ലേ ഓഫ് കളിച്ചിട്ടില്ല .

മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളെ ടീമിലെത്തിച്ചാണ് ഡല്‍ഹി ഇത്തവണ എത്തുന്നത്. ഒപ്പം പതിവുപോലെ യുവനിരയുടെ കരുത്തും ടീമിന്റെ കിരീട സാധ്യതകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങള്‍ എന്നറിയപ്പെടുന്ന യുവനിരയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന കരുത്ത്. കഴിഞ്ഞ തവണ പഞ്ചാബ് നായകനായിരുന്ന അശ്വിന്‍ ഇത്തവണ ഡല്‍ഹിയുടെ ഭാഗമാണ്.

ഡല്‍ഹി നിരയില്‍ ശ്രദ്ധാകേന്ദ്രങ്ങളാകാന്‍ പോകുന്നത് റിഷഭ് പന്തും ശ്രേയസ് അയ്യരും പൃഥ്വി ഷായുമാണ്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇതിനോടകം സ്ഥാനമുറപ്പിച്ചുകഴിഞ്ഞ മൂവരുടെയും പ്രകടനം ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ബാറ്റിങ്ങില്‍ ഡല്‍ഹിയുടെ പ്രധാന കരുത്ത്. ഓപ്പണിങ് ധവാനൊപ്പം പൃഥ്വി ഷാ എത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇത്തവണ ടീമിലെത്തിയ ഇന്ത്യന്‍ ടെസ്റ്റ് ടീം ഉഫനായകന്‍ കൂടിയായ അജിങ്ക്യ രഹാനെ മൂന്നാമനാകും. മധ്യനിരയില്‍ നായകന്‍ ശ്രേയസ് അയ്യരിനൊപ്പം വിന്‍ഡീസ് വെടിക്കെട്ട് താരം ഷിമ്രോണ്‍ ഹെറ്റ്മയറും റിഷഭ് പന്തും തിളങ്ങിയാല്‍ ഡല്‍ഹിക്ക് എതിരാളികള്‍ക്ക് മേല്‍ അനായാസം ആധിപത്യം സ്ഥാപിക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here