ഓള്‍റൗണ്ടര്‍ എന്ന് ഒരു ക്രിക്കറ്ററെ വിശേഷിപ്പിച്ച്‌ തുടങ്ങുന്നതെപ്പോഴാണ്? അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഓള്‍റൗണ്ടര്‍മാരായി തന്നെ ടീമിലേക്ക് എത്തുന്നവരുണ്ട്. മറ്റു ചിലരാവട്ടെ ബൗളര്‍മാരെന്ന നിലയില്‍ ടീമിലെത്തുകയും പതുക്കെ ബാറ്റിങ്ങിലും മികവ് പ്രകടപ്പിച്ച്‌ തുടങ്ങുകയും കരിയരിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വെച്ച്‌ ഓള്‍റൗണ്ടറായി അറിയപ്പെടുകയും ചെയ്യും. അവരെ നമ്മള്‍ ബൗളിങ് ഓള്‍റൗണ്ടര്‍ എന്നാണ് വിശേഷിപ്പിക്കാറ്. നേരെ മറിച്ചാണ് ബാറ്റിങ് ഓള്‍റൗണ്ടര്‍മാരുടെ കാര്യം. ബൗളിങ് ഓള്‍റൗണ്ടര്‍ക്ക് മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഇന്ത്യന്‍ കളിക്കാരന്‍ രവിചന്ദ്രന്‍ അശ്വിനാണ്. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ സച്ചിന്‍ തെണ്ടുല്‍ക്കറെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ബാറ്റിങ് ഓള്‍റൗണ്ടര്‍ എന്നു വിശേഷിപ്പിക്കാം.

ചെന്നൈയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ കാഴ്ച്ചവെച്ച ഓള്‍റൗണ്ട് പ്രകടനമാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിചിന്തനത്തിന് പ്രേരിപ്പിക്കുന്നത്. ചേതന്‍ ശര്‍മയേയും മനോജ് പ്രഭാകറിനേയും അജിത്ത് അഗാര്‍ക്കറിനേയും അനില്‍ കുബ്ലെയേയുമെല്ലാം അതാത് കാലത്ത് നമ്മള്‍ ബൗളിങ് ഓള്‍ റൗണ്ടര്‍മാരെന്ന് വിളിച്ചിരുന്നു. എന്നാല്‍ അശ്വിന്‍ ഇപ്പോള്‍ നേടുന്ന റണ്ണുകളും അയാളുടെ ബാറ്റിങ് ശൈലിയും അയാളെ കുറേകൂടി ഉയര്‍ന്ന നിലയില്‍ പ്രതിഷ്ഠിക്കാനുള്ള പ്രേരണ നല്‍കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ സംഭാവന ചെയ്ത ഏറ്റവും മികച്ച അഞ്ച് ഓല്‍റൗണ്ടര്‍മാരില്‍ ഒരാളായി അശ്വിനെ വിലയിരുത്തുന്നത് പാതകമാവില്ല. വിനു മങ്കാദ്, കപില്‍ദേവ്, രവി ശാസ്ത്രി, രവീന്ദ്ര ജഡേജ എന്നിവരാണ് മനസ്സിലേക്ക് വരുന്ന മറ്റ് നാലു പേര്‍. 29 ടെസ്റ്റ് മാത്രം കളിച്ച ഇര്‍ഫാന്‍ പത്താനെ ഈ പട്ടികയില്‍ നിന്ന് തല്‍ക്കാലം ഒഴിവാക്കുന്നു. സച്ചിനെ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രതിഭയോട് കാണിക്കുന്ന അനാദരവുമാവും.

ഹര്‍ഭജന്‍ സിങ്ങിന്റെ പിന്‍ഗാമിയായ ഓഫ് സ്പിന്നറായി ടീമിലെത്തിയ അശ്വിന്‍ തീര്‍ച്ചയായും ബൗളിങ്ങില്‍ മുന്‍ഗാമിയേക്കാള്‍ വളര്‍ന്നു കഴിഞ്ഞു. 76 ടെസ്റ്റില്‍ 394 വിക്കറ്റെന്നത് വളരെ മികച്ച റെക്കോഡാണ്. ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം പത്തു തവണ . മാച്ചില്‍ പത്ത് വിക്കറ്റ് നേട്ടം ഏഴ് തവണയും. വിക്കറ്റുകളുടെ എണ്ണത്തില്‍ ഈ തമിഴ്നാട്ടുകാരന്‍ കപില്‍ ദേവിനെ മറികടക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കണം. സ്പിന്‍ ബൗളറെ സംബന്ധിച്ചിടത്തോളം 34 വയസ്സെന്നത് വലിയ പ്രായമല്ല താനും. ടീമിലെത്തുമ്ബോള്‍ ബൗളര്‍ മാത്രമായിരുന്ന അശ്വിന്‍ കളിച്ച്‌ കളിച്ച്‌് വിശ്വസ്ഥനായ മധ്യനിര ബാറ്റ്സ്മാനായി മാറുകയയിരുന്നു. അഞ്ചു സെഞ്ച്വറിയും 11 ഫിഫ്റ്റിയും ഉള്‍പ്പെടെ 2626 റണ്‍സ് നേടിയ ബാറ്റ്സ്മാനെ ടീമിന് കൂടുതലായി ആശ്രയിക്കാവുന്നതാണ്. ബാറ്റിങ് ഓഡറില്‍ കുറേകൂടി മുന്നോട്ട് ഇറക്കാന്‍ ടീം മാനേജ്മെന്റ് താല്‍പര്യം കാണിക്കണമെന്ന് മാത്രം. മുന്‍ ക്യാപ്റ്റന്‍ ധോനിക്ക് ഉണ്ടായിരുന്നത്ര മതിപ്പും വിശ്വാസവും അശ്വിനു മേല്‍ വിരാട് കോലിക്ക് ഉണ്ടായിരുന്നില്ല. അതുകാരണം കുറച്ചധികം അവസരങ്ങള്‍ നഷ്ടമായി. പക്ഷെ , പൊരുതി തിരിച്ചു വന്ന ഈ ഓള്‍റൗണ്ടറെ ഇനി അവഗണിക്കാന്‍ ആവില്ല. കപിലിന് പിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ രണ്ടാമനാരെന്ന ചോദ്യത്തിന് ഒട്ടും മടിക്കാതെ അശ്വിന്‍ എന്ന് ഇനി ഉത്തരം നല്‍കാം.

ലോക ക്രിക്കറ്റ് ഇന്നേവരെ കണ്ടതില്‍ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ കപില്‍ദേവ് തന്നെയാണ് ഇന്ത്യയില്‍ ഒന്നാമന്‍. റണ്‍, വിക്കറ്റ് നേട്ടങ്ങള്‍ കൊണ്ടും കളിക്കുന്ന കാലത്ത് ഉണ്ടാക്കിയ സ്വാധീനത്താലും കപില്‍ മറ്റുള്ളവരേക്കാള്‍ ഏറെ ഉയര്‍ന്ന് നില്‍ക്കുന്നു. 131 ടെസ്റ്റ് മാച്ചുകള്‍ കളിച്ച കപില്‍ എട്ട് സെഞ്ച്വറിയും 27 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 5248 റണ്‍സും 434 വിക്കറ്റും സ്വന്തമാക്കിയിരുന്നു. 23 തവണ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച കപില്‍ കുറച്ചു കാലം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ എന്ന ലോക റെക്കോഡിനും ഉടമയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here