ന്യൂഡല്‍ഹി: കേരള- കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. കാസര്‍കോട്ടുനിന്നുള്ള രോഗികളെ മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ കര്‍ണാടക അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് കര്‍ണാടക സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. അതേസമയം. ഹൈക്കോടതിയുടെ ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടില്ല. കാസര്‍കോട്ടുനിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് അവിടേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

എന്നാല്‍ ഏതൊക്കെ രോഗികളെ കൊണ്ടുപോകാം എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കാന്‍ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിമാര്‍ തയ്യാറാക്കുന്ന മാര്‍ഗരേഖ പരിഗണിച്ച ശേഷം വിഷയത്തില്‍ അന്തിമവിധി സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും. രോഗികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മാത്രമാണ് ഈ ഉത്തരവ് ബാധകം. ചരക്കുനീക്കത്തിന് ബാധകമല്ല. ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് എന്തുകൊണ്ട് തങ്ങള്‍ക്ക് നടപ്പാക്കാനാവില്ലായെന്ന് കര്‍ണാടകയുടെ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ കൊറോണ ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് കാസര്‍കോട് എന്നും കര്‍ണാടക ചൂണ്ടിക്കാട്ടി. അതിനാല്‍ കാസര്‍കോട്ടുനിന്ന് മംഗലാപുരത്തേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നും കര്‍ണാടക പറഞ്ഞു. അതേസമയം കര്‍ണാടകയുടെ ഈ നിലപാടു മൂലം രണ്ടു ജീവനുകളാണ് നഷ്ടമായതെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്തയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ റോമി ചാക്കോയും വ്യക്തമാക്കി.

കടപ്പാട് : മനോരമ ഓൺലൈൻ

LEAVE A REPLY

Please enter your comment!
Please enter your name here