കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കു യുകെയിലേക്കു തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി പുതിയൊരു ധാരണാപത്രം ഒപ്പിട്ടു. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്‌സും യുകെയില്‍ എന്‍എച്ച്എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ്) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളായ The Navigo & Humber, North Yorkshire Health & Care Partnership എന്നിവരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്.
ലണ്ടനിൽ നടന്ന യൂറോപ്പ് -യുകെ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, നേര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.

നോര്‍ക്ക റൂട്ട്‌സിനുവേണ്ടി സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരിയിൽ നിന്ന് നാവിഗോ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ. മൈക്കേൽ റീവ് ധാരണാപത്രം ഏറ്റു വാങ്ങി. ഇന്റർനാഷണൽ ഹെൽത്ത് ആന്റ് സോഷ്യൽ കെയർ റിക്രൂട്ട്മെന്റ് ടാസ്ക് ഫോഴ്സ് ഡെപ്യൂട്ടി ഹെഡ് ഡേവ് ഹൊവാർത്ത് , ഡോ. ജോജി കുര്യാക്കോസ് , ഡോ. സിവിൻ സാം, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

സുരക്ഷിതവും സുതാര്യവും നിയമപരവുമായ മാർഗങ്ങളിലൂടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യപ്രവര്‍ത്തകര്‍ക്കു സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടർ നടപടികള്‍ പൂര്‍ത്തിയായശേഷം നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യമേഖലയിലെ വിവിധ പ്രഫഷണലുകള്‍ക്കായി 3000 ലധികം ഒഴിവുകളിലേക്കാണ് ഇതുവഴി തൊഴില്‍ സാധ്യത തെളിയുന്നതെന്നാണു നോർക്ക അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here