കേരളത്തിൽ ഇന്ന് 9 പേർക്ക് പുതിയതായി കൊറോണ രോഗം സ്ഥിരീകരിച്ചു. അതിൽ കാസർഗോഡ് 7, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഒരാൾ വീതം എന്നിങ്ങനെയാണ് കണക്കുകൾ. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയുള്ള പ്രതിദിന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. അടിയന്തര തീരുമാനങ്ങൾക്കും സഹായങ്ങൾക്കും വേണ്ടി പ്രമുഖർ ചേർന്ന് 17അംഗ കർമസേന ടാസ്ക് ഫോഴ്സിന് രൂപം കൊണ്ടു.

ഇന്ന് പോസിറ്റീവ് ആയവരുൾപ്പെടെ രോഗബാധയുണ്ടായ 206 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴുപേർ വിദേശികൾ. രോഗികളുമായി സമ്പർക്കം മൂലം വൈറസ് ബാധിച്ചത് 78 പേർ. ഇന്നു രോഗം സ്ഥിരീകരിച്ച മൂന്നു പേർ നിസാമുദ്ദീനിൽ പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിലുള്ളവരാണ്. രോഗ വ്യാപനം പിടിച്ചു നിർത്താൻ കഴിയുന്നു എന്നാണ് ഇതു കാണിക്കുന്നത്.

കോട്ടയത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധദമ്പതികൾ ആശുപത്രിവിട്ടു. ആരോഗ്യ പ്രവർത്തകരുടെ മികവാണ് ഈ നേട്ടത്തിന് ഇടയാക്കിയത്. ആരോഗ്യ പ്രവർത്തകരെ ഇതിന് അഭിനന്ദിക്കണം. സംസ്ഥാനത്ത് 1,69,997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,69,291 പേരാണ് വീടുകളിലുള്ളത്. 706 പേർ ആശുപത്രിയിലാണ്. ഇന്ന് 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെസ്റ്റിങ് കൂടുതൽ വിലുപവും വ്യാപകവുമാക്കാനാണു തീരുമാനം. അഞ്ച് രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകളാണ് എടുക്കുന്നത്. ഇനി 1–2 ലക്ഷണങ്ങളുള്ളവരുടെ സാംപിൾ എടുക്കും. റാപിഡ് ടെസ്റ്റിങ്ങും നടത്താം.

ചരക്ക് ലോറികളുടെ വരവിൽ ചെറിയ കുറവുണ്ടായി. സാധന വില ചിലയിടങ്ങളിൽ വർധിക്കുന്നതായും പച്ചക്കറി ക്ഷാമം അനുഭവപ്പെടുന്നതായും വിവരമുണ്ട്. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെടാൻ നിർദേശിച്ചു. കൂടുതൽ പച്ചക്കറി സംഭരിക്കാൻ സാധിക്കണം. ലോക്ഡൗൺ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിർദേശങ്ങൾ രൂപപ്പെടുത്താൻ മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിൽ 17 അംഗ കർമസേന രൂപീകരിച്ചു. ഇന്നലെ പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിൽ നിർ‍ദേശം നൽകിയതിനെ തുടർന്നാണ് ഇതു രൂപീകരിച്ചത്. അടൂര്‍ ഗോപാലകൃഷ്ണൻ, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു,എം.വി. ശ്രേയാംസ് കുമാർ (മാതൃഭൂമി), ബിഷപ് മാര്‍ മാത്യു അറയ്ക്കൽ, അരുണ സുന്ദർരാജ്, ജേക്കബ് പുന്നൂസ്‍ എന്നിവരടങ്ങുന്ന 17 അംഗ കർമസേനയാണ് രൂപീകരിച്ചത്.

അടുത്ത മൂന്ന് ദിവസങ്ങളിൽ ജൻധൻ യോജന പ്രകാരം 500 രൂപ ബാങ്കുകളിൽ നിന്നെടുക്കാന്‍ ജനങ്ങൾ വരും. തിരക്ക് ഉണ്ടാകാതിരിക്കാൻ ബാങ്കുകളും പൊലീസും ശ്രദ്ധിക്കണം. ബാങ്ക് ഉദ്യോഗസ്ഥർ വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് പരാമർശിക്കേണ്ടതാണ്. ഇവരുടെ പ്രവർത്തനം പ്രശംസനീയമാണ്. 198 റേഷൻ കടകളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി. 17 ഇടത്ത് വിതരണത്തിൽ പ്രശ്നങ്ങൾ കണ്ടെത്തി. മറ്റ് ക്രമക്കേടുകൾ രണ്ടിടത്ത് കണ്ടെത്തി. 19 കേസുകളിലായി 12,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

ലോകത്താകെ കോവിഡ് രോഗം പടരുന്ന സാഹചര്യമാണ്. ഏറ്റവും കൂടുതൽ രോഗം ബാധിച്ചവർ യുഎസിലാണ്. 187302 പേർക്ക് അവിടെ രോഗം ബാധിച്ചു. 3846 പേർ മരിച്ചു. ഇറ്റലിയിൽ 110574 പേർക്കാണ് രോഗം ബാധിച്ചത്. 13157 പേർ മരിച്ചു. രോഗ വ്യാപനത്തിന്റെ ഗൗരവം ന്യൂയോർക്കിന്റെ അവസ്ഥ പരിശോധിച്ചാൽ മനസ്സിലാകും. വികസനം കൊണ്ടും സമ്പത്ത് കൊണ്ടും ഉയരങ്ങളിൽനിൽക്കുന്ന പല നാടുകളെയും കോവിഡ് ബാധിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വേണം കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ വിലയിരുത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here