തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് 12 പേർക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് 4, കണ്ണൂർ 4, മലപ്പുറം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാൾ വിദേശത്തുനിന്നു വന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ഇന്ന് 100 ദിവസം കഴിയുകയാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 8 വിദേശികളുടെ ജീവൻ രക്ഷിച്ച് അവരെ പൂർണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിക്കാൻ കഴിഞ്ഞു. ഇറ്റലി, യുകെ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് രോഗമുക്തി നേടിയത്. 83, 76 വയസ്സുള്ളവരും ഇതിലുണ്ട്. ഇതിൽ ഒരാൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലും ഏഴു പേർക്ക് എറണാകുളത്തുമാണ് ചികിത്സ നൽകിയത്.

‘നാളെ ദുഃഖ വെള്ളിയാഴ്ചയാണ്. യേശുക്രിസ്തുവിന്റെ ഓർമ ഉണർത്തുന്ന ദിനം. രോഗികളെ സുഖപ്പെടുത്തുക എന്ന ക്രിസ്തു സന്ദേശം ഉൾക്കൊണ്ട് കൊറോണ ബാധിതരുടെ സുഖപ്പെടലിന് വേണ്ടി പുനരർപ്പണം നടത്താനുള്ള സന്ദർഭമായി ഇതിനെ ഉപയോഗപ്പെടുത്താം. മനസുകൊണ്ട് ചേര്‍ത്തു നിർത്തുക എന്നത് യേശുക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നൽകിയ സന്ദർഭമാണ്. ഇതും ഓർക്കാം.’ – മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here