ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സര്‍ക്കാര്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പ്രദേശത്തും വ്യത്യസ്തരായ ആളുകളുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവരും സാഹചര്യം ഇല്ലാത്തവരും ഉണ്ടാകാം. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകില്ല. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരില്ല. ഭക്ഷണം ഉണ്ടാക്കാനാകാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കണം. അവര്‍ അതിനുവേണ്ടി കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കും. ഓരോ പഞ്ചായത്തിലുമുള്ള കമ്യൂണിറ്റി കിച്ചണില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പഞ്ചായത്തും നഗരസഭയും എത്രപേര്‍ക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്നത് സംബന്ധിച്ച കണക്ക് ശേഖരിക്കണം. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കണം. ഏതെങ്കിലും കുടുംബത്തെ വിട്ടുപോയാല്‍ അത്തരം കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനും ഭക്ഷണം വേണമെന്ന് ആവശ്യപ്പെടാനും ഒരു ടെലിഫോണ്‍ നമ്പര്‍ നല്‍കും. ആവശ്യമായ പാചകക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here