കോന്നി:ഗവ.മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 15ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.

ആരോഗ്യ മന്ത്രി മെഡിക്കൽ കോളേജിൽ നേരിട്ടെത്തിയാണ് കിടത്തി ചികിത്സയുടെ ഉദ്ഘാടനം നടത്തുന്നത്.ആദ്യ ഘട്ടമായി 100 കിടക്കയാണ് ക്രമീകരിക്കുന്നത്. കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി ജീവനക്കാർ മെഡിക്കൽ കോളേജിൽ എത്തിത്തുടങ്ങി.
സ്ഥിരം ഡോക്ടർമാരെ കൂടാതെ താല്കാലിക ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. നേഴ്സിംഗ് സൂപ്രണ്ട്, 4 ഹെഡ് നേഴ്സ്മാർ, 11 സ്റ്റാഫ് നേഴ്സുമാർ തുടങ്ങിയ ജീവനക്കാർ ജോലിക്ക് ഹാജരായിട്ടുണ്ട്. ബാക്കി നേഴ്സിംഗ് ജീവനക്കാർ വരും ദിവസങ്ങളിൽ ജോലിക്കെത്തും. ഇതര വിഭാഗം ജീവനക്കാരും ജോലിക്ക് എത്തിക്കൊണ്ടിരിക്കുന്നു.

കിടത്തി ചികിത്സ ആരംഭിക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാർക്കും, ചികിത്സയ്ക്ക് എത്തുന്നവർക്കും സൗകര്യം ക്രമീകരിച്ചു നല്കുന്നതിന് കെ.എസ്.ആർ.ടി.സി അധികൃതരുടെ യോഗം വിളിക്കാൻ തീരുമാനിച്ചു. കിടത്തി ചികിത്സാ വാർഡിൻ്റെ ക്രമീകരണത്തിന് യോഗം സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.ഇനിയും എത്തിക്കാനുള്ള ഫർണിച്ചറുകളും, ഉപകരണങ്ങളും എത്രയും വേഗം എത്തിക്കുന്നതിന് നടപടി സ്വീകരിക്കും.

ഡെൻ്റൽ ഒ.പി. ആരംഭിക്കുന്നതിനുള്ള ക്രമീകരണം പൂർത്തിയായതായി സൂപ്രണ്ട് യോഗത്തെ അറിയിച്ചു. ഡെൻറൽ ചെയർ എത്തിയത് ബുധനാഴ്ച സ്ഥാപിക്കും. ഡെൻ്റൽ ഒ.പി.യുടെ ഉദ്ഘാടനം ഫെബ്രുവരി 4 ന് നടത്തും. ഗൈനക്കോളജി ഒ.പി. ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും നടന്നു വരുന്നതായും സൂപ്രണ്ട് പറഞ്ഞു.ഫെബ്രുവരി 8 ന് ഗൈനക്കോളജി ഒ.പി.യും ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കും.

കിടത്തി ചികിത്സാ ഉദ്ഘാടനത്തോടെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനം സജീവമാകുമെന്ന് എം.എൽ.എ പറഞ്ഞു. എത്രയും വേഗം 300 കിടക്കയുള്ള ആശുപത്രിയായി മാറ്റാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ: സജിത്കുമാർ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ ,എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, ഡപ്യൂട്ടി മാനേജർ രോഹിത് ജോസഫ് തോമസ്, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി ഡപ്യൂട്ടി ജനറൽ മാനേജർ സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്തംഗം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here