കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരും. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം രാത്രിയാണ് ഈ തീരുമാനമെടുത്തത്. ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം എന്ന തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കുകയായിരുന്നു. ആഗോളതലത്തില്‍ കോവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയം വ്യോമയാനവകുപ്പിന് നിര്‍ദേശം നല്‍കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിദേശികള്‍ക്ക് പ്രവേശനം നല്‍കേണ്ടതില്ല എന്നാണ് തീരുമാനം.

അതേസമയം സ്വദേശികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പൊതു-സ്വകാര്യ മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്നവര്‍, അവരുടെ കുടുംബം എന്നിവര്‍ക്ക് പ്രവേശനം നല്‍കും.

കുവൈത്തില്‍ പ്രവേശിക്കുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. സ്വദേശികളായ രോഗികള്‍, വിദ്യാര്‍ഥികള്‍, കുടുംബത്തോട് ഒപ്പം അല്ലാതെ എത്തുന്ന 18ല്‍ താഴെ പ്രായമുള്ള കുട്ടികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, ഒപ്പം വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍, പൊതു-സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ വീടുകളില്‍ മതിയാകും. മറ്റുള്ളവര്‍ 7 ദിവസം ഹോട്ടലിലും 7 ദിവസം വീട്ടിലുമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. കുവൈത്ത് മുസാഫിര്‍ എന്ന ആപ്പ് വഴി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂവെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. റജിസ്റ്റര്‍ ചെയ്യാതെ വിമാനത്തില്‍ പ്രവേശിപ്പിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here