സ്വദേശികൾക്കും വിദേശീയർക്കും നിക്ഷേപ വാതിൽ തുറന്ന് ലുസെയ്ൽ നഗരത്തിലെ ദ് സീഫ്. ലുസെയ്ൽ നഗരത്തിലെ അത്യാധുനിക ജില്ലകളിലൊന്നാണ് ദ് സീഫ്. 2022 ഫിഫ ഖത്തർ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ലുസെയ്ൽ സിറ്റിയിലെ നദീതട പ്രദേശത്തിന്റെ മധ്യത്തിലാണ് നിക്ഷേപ അവസരങ്ങൾ.

ആഡംബര റസിഡൻഷ്യൽ അപ്പാർട്‌മെന്റുകളിൽ സ്വതന്ത്ര ഉടമസ്ഥാവകാശം, റീട്ടെയ്ൽ ശാലകൾ പാട്ടത്തിനെടുക്കാനുള്ള അവസരം, പ്രവാസികൾക്ക് റസിഡൻസി പെർമിറ്റ് എന്നിവയാണ് നിക്ഷേപത്തിലൂടെ സാധ്യമാകുന്നത്.

ദ് സീഫ് ജില്ലയിലെ 6 ലക്ഷം ചതുരശ്രമീറ്ററിൽ വാണിജ്യ ശാലകൾ, ഓഫിസ്, റീട്ടെയ്ൽ, ഹോട്ടൽ, റസിഡൻഷ്യൽ അപ്പാർട്‌മെന്റുകൾ, റസ്റ്ററന്റുകൾ, വിനോദ, സാംസ്‌കാരിക സൗകര്യങ്ങൾ, ഉല്ലാസ നടത്തത്തിനായി 2-3 കിലോമീറ്റർ പാത എന്നിവയുണ്ട്. ഖത്തരി ദയറിന്റെ നേതൃത്വത്തിൽ ഒൻപത് റസിഡൻഷ്യൽ ടവറുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.

പ്രവാസികൾക്ക് 9 പ്രദേശങ്ങളിൽ വസ്തുവകകൾ സ്വന്തമാക്കാനും 16 സ്ഥലങ്ങളിൽ ഉപയോഗിക്കാനുമുള്ള അനുമതിയാണ് 2020 ലെ 28-ാം നമ്പർ മന്ത്രിതല തീരുമാനത്തിലൂടെ ലഭിച്ചത്. വസ്തുവകകൾ വാങ്ങുമ്പോൾ സ്വതന്ത്ര ഉടമസ്ഥാവകാശം ലഭിക്കും. പാട്ടത്തിനാണെങ്കിൽ 99 വർഷത്തേക്ക് ഉപയോഗിക്കാൻ കഴിയും. റിയൽ എസ്റ്റേറ്റ് മേഖലകളിൽ വിദേശികൾക്ക് വസ്തുവകകൾ വാങ്ങാനും ഉപയോഗിക്കാനുമുള്ള സ്വതന്ത്ര ഉടമസ്ഥാവകാശ നിയമം പ്രാബല്യത്തിലായതോടെയാണ് നിക്ഷേപ അവസരങ്ങൾ വർധിച്ചത്. ഖത്തറിൽ കുറഞ്ഞത് 7,30,000 റിയാൽ (ഏകദേശം 1,45,27,000 രൂപ) മൂല്യമുള്ള വസ്തുവകകൾ സ്വന്തമായുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും റസിഡൻസി പെർമിറ്റ് ലഭിക്കും. 36,50,000 റിയാലിൽ കുറയാത്ത മൂല്യത്തിലുള്ള ആസ്തികളുടെ (10 ലക്ഷം ഡോളറിന് തത്തുല്യമായ) ഉടമകളായ പ്രവാസികൾക്ക് സ്ഥിര താമസാനുമതി രേഖയും ലഭിക്കും.

ഖത്തറിന്റെ ആധുനിക നഗരമായ 38 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ലുസെയ്ൽ ലോകത്തിലെ ഏറ്റവും വലിയ സ്മാർട് നഗരങ്ങളിലൊന്നാണ്. രണ്ടുലക്ഷത്തോളം പേർക്കു താമസ സൗകര്യങ്ങളുള്ള ലുസെയ്‌ലിന്റെ 95 ശതമാനം നിർമാണവും പൂർത്തിയായി. ദോഹ നഗരത്തിന്റെ വടക്ക് അൽ ദായീൻ നഗരസഭയിൽ നിർമാണം പുരോഗമിക്കുന്ന 4,50,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള നഗരത്തിൽ കത്താറ ടവറുകൾ, ലുസെയ്ൽ പ്ലാസ, അൽ ഖരായജ് ടവർ, പേർഷ്യൻ പ്രമേയത്തിലുള്ള വെൻഡോം തുടങ്ങി ഡിസൈൻ സവിശേഷതയിൽ ആകർഷണങ്ങളായ ഒട്ടേറെ ടവറുകളുമുണ്ട്. 4,500 കോടി യുഎസ് ഡോളർ ചെലവിട്ട് നിർമിക്കുന്ന ലുസെയ്ൽ നഗരം താമസക്കാർക്കും സന്ദർശകർക്കും ബിസിനസ് ഉടമകൾക്കുമെല്ലാം ഒരുപോലെ ആകർഷകമാണ്. പൂർണമായും പരിസ്ഥിതി സൗഹൃദപരമായ നിർമാണങ്ങളാണ് നഗരത്തിന്റെ പ്രത്യേകത. ദോഹ മെട്രോ, ട്രാം തുടങ്ങിയ യാത്രാ സൗകര്യങ്ങളും സുസജ്ജം.

LEAVE A REPLY

Please enter your comment!
Please enter your name here