എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിന് പിന്നാലെ ദീർഘകാല അവധിക്ക് ശിവശങ്കർ അപേക്ഷ നൽകി.

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. കേസിനെക്കുറിച്ച് പരാമർശിക്കാതെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന ഒരു വരി പ്രസ്താവനയും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കി.

ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദിനാണ് പകരം ചുമതല .നടപടിക്ക് പിന്നാലെ ശിവശങ്കർ 6 മാസത്തെ അവധിക്ക് അപേക്ഷ നൽകി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ശിവശങ്കർ അവധിയിൽ പോകുന്നതെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യാനുളള സാധ്യതയുണ്ട്. സെക്രട്ടറി സ്ഥാനത്തിരിക്കുന്നയാൾ ചോദ്യം ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുമെന്ന വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ അടിയന്തര നടപടികളിലേക്ക് കടന്നത്.

ശിവശങ്കറെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ചീഫ് സെക്രട്ടറിയുമായും ഡി.ജി.പിയുമായും മുഖ്യമന്ത്രി ചർച്ച നടത്തി. ഗുരുതര സ്വഭാവമുളള ആരോപണമായതിനാൽ തന്നെ ശിവശങ്കറിനെതിരെ സർക്കാർ കൂടുതൽ നടപടിയെടുക്കുമെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here