കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് വരും ദിവസങ്ങളില്‍ സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശക്‌തമായ മഴക്കൊപ്പം ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതായി അധികൃതര്‍ വ്യക്‌തമാക്കി. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. കൂടാതെ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരളതീരത്ത് കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 60 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വേനല്‍മഴ. മാര്‍ച്ച്‌ ഒന്നുമുതല്‍ മെയ്‌ 31 വരെ സാധാരണ ലഭിക്കേണ്ടിയിരുന്നത് 361.5 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ 750.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 2004-ല്‍ ലഭിച്ച 741.8 മില്ലിമീറ്റര്‍ മഴയുടെ റെക്കോഡാണ് മറികടന്നത്.

സംസ്ഥാനചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ വേനല്‍മഴയാണിത്. ഇതിനുമുമ്ബ് 1933-ല്‍ ലഭിച്ച 915.2 മില്ലിമീറ്റര്‍ മഴയാണ് സര്‍വകാല റെക്കോഡ്. 1960-791 മില്ലിമീറ്റര്‍, 1932-788, 1918-767 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് കൂടുതല്‍ വേനല്‍മഴ ലഭിച്ചത്. കഴിഞ്ഞവര്‍ഷം 386.4 മില്ലി മീറ്റര്‍ (ഏഴുശതമാനം അധികം) മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 2019-ല്‍ 169.6 മില്ലി മീറ്റര്‍ (55 ശതമാനം കുറവ്), 2018-ല്‍ 521.8 മില്ലി മീറ്റര്‍ (37 ശതമാനം അധികം) മഴയും പെയ്തു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 108 ശതമാനം അധിക മഴയോടെയാണ് ഈ വര്‍ഷത്തെ വേനല്‍മഴക്കാലം അവസാനിച്ചത്.

ഇത്തവണ എല്ലാ ജില്ലകളിലും സാധാരണയില്‍ കൂടുതല്‍ വേനല്‍ മഴ ലഭിച്ചു. തെക്കന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍. 1342.6 മില്ലി മീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ (ശരാശരിയെക്കാള്‍ 171 ശതമാനം വര്‍ധന). കോട്ടയം-1049.5 മില്ലി മീറ്റര്‍ തിരുവനന്തപുരം-952.4 മില്ലി മീറ്റര്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട്ടാണ്- 440.9 മില്ലിമീറ്റര്‍ (81 ശതമാനം കൂടുതല്‍). കാലവര്‍ഷം വ്യാഴാഴ്ചയോടെ കേരളത്തില്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം.

തുടര്‍ച്ചയായി ഉണ്ടായ ചുഴലിക്കാറ്റുകളാണ് മഴ കൂടാന്‍ കാരണം. അറബിക്കടലില്‍ രൂപപ്പെട്ട ‘ടൗട്ടെ’, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘യാസ്’ ചുഴലിക്കാറ്റുകളുടെ ഫലമായി ആറുദിവസം കൊണ്ട് കേരളത്തില്‍ 362.9 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here