ദുബായ് ∙ രാജ്യാന്തര സാമ്പത്തിക അസ്ഥിരത നേരിടാൻ ദുബായിലെ വാണിജ്യ-വ്യവസായ മേഖലയ്ക്കു 150 കോടി ദിർഹത്തിന്റെ ഉത്തേജക പദ്ധതി. 3 മാസം കൊണ്ടു പദ്ധതി നടപ്പാക്കി വെല്ലുവിളികൾ നേരിടാൻ കമ്പനികളെയും ഇതര സ്ഥാപനങ്ങളെയും പ്രാപ്തമാക്കുകയാണ് ലക്ഷ്യം. രാജ്യാന്തര സമ്പദ് വ്യവസ്ഥയ്ക്ക് കോവിഡ് 19 ഏൽപിച്ച വൻ ആഘാതം മറികടന്നു സമൂഹത്തിന്റെ താഴേത്തട്ടു വരെ ഇതിന്റെ ഗുണഫലം ലഭ്യമാകാനുമാണ് പദ്ധതി പ്രഖ്യാപിക്കുന്നതെന്നു ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി വ്യവസായങ്ങൾ തുടങ്ങാനുള്ള ചെലവു കുറയ്ക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യും. ടൂറിസം, റീട്ടെയ്ൽ, വാണിജ്യം, ഊർജം, ലോജിസ്റ്റിക്സ് മേഖലകൾക്കു പ്രഖ്യാപനം നേട്ടമാകുമെന്നാണു സൂചന.

15 കർമപരിപാടികൾ

15 കർമപരിപാടികളാണ് നടപ്പാക്കുക. ഇതുണ്ടാക്കുന്ന മാറ്റം വിവിധ മേഖലകളിലും പ്രതിഫലിക്കും. വാണിജ്യ-വ്യവസായ മേഖലയ്ക്കു ഫീസ് ഇനത്തിൽ തുടർന്നും 2.5% ഇളവ് അനുവദിക്കും. 2018 മുതൽ ഇളവ് നൽകുന്നുണ്ട്. ദുബായ് വിപണിയിൽ വിൽപന നടത്താൻ ഇറക്കുമതി ചെയ്ത സാധനങ്ങളുടെ കസ്റ്റംസ് ഫീസിൽ 20% തിരികെ നൽകും. കസ്റ്റംസ് ക്ലിയറൻസിന് ബാങ്ക് ഗ്യാരന്റിയായി ഈടാക്കുന്ന 50,000 ദിർഹം ഒഴിവാക്കും. ഇതിനോടകം ഈടാക്കിയ തുക മടക്കി നൽകും. കമ്പനികൾ കസ്റ്റംസ് രേഖകൾ സമർപ്പിക്കുമ്പോൾ ചുമത്തുന്ന ഫീസ് 90% ഒഴിവാക്കുന്നതാണ് മറ്റൊരു സുപ്രധാന നടപടി. കസ്റ്റംസുമായി ബന്ധപ്പെട്ട പരാതികൾ നൽകുമ്പോൾ ബാങ്ക് രേഖകൾ ഹാജരാക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.
കുതിക്കാൻ സുസജ്ജം
ലോകം മുഴുവൻ വിവിധ വെല്ലുവിളികൾ നേരിടുമ്പോൾ വികസനത്തിലേക്കു കുതിക്കാൻ സുസജ്ജമാണു ദുബായ്. ഒാരോ വെല്ലുവിളിയും അവസരമായി കണ്ട് കൂടുതൽ കഴിവുകൾ ആർജിക്കണമെന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനങ്ങളെ ഒാർമിപ്പിക്കുന്നത്. ഈ പാഠമാണ് നേട്ടങ്ങളിലേക്കുള്ള ദുബായിയുെട മുന്നേറ്റത്തിന് ഊർജമേകുന്നത്. ഇതു വഴി ജനങ്ങൾക്ക് സന്തോഷവും സംതൃപ്തിയും സുസ്ഥിരതയും ഉറപ്പുനൽകുന്ന സാഹചര്യമൊരുക്കാനാകും-ഷെയ്ഖ് ഹംദാൻ

ചെറുകിടക്കാർക്കുള്ള ലൈസൻസ് ഫീസിൽ 25% ഇളവ്
ലൈസൻസ് കിട്ടാനും പുതുക്കാനും തവണകളായി ഈടാക്കുന്ന സർക്കാർ ഫീസിൽ 25% ഇളവ് നൽകും. ഇടത്തരം-ചെറുകിട സംരംഭങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. കൊമേഴ്സ്യൽ ലൈസൻസുകൾ പുതുക്കുമ്പോൾ ലീസ് കരാറുകളും പുതുക്കണമെന്ന വ്യവസ്ഥ മാറ്റി. നടപടിക്രമങ്ങളിലും ഫീസ് ഘടനയിലും ഇതു കുറവുവരുത്തും. ഒാഫർ വിൽപനകൾക്ക് പ്രത്യേക അനുമതി വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

ജല, വൈദ്യുതി നിരക്ക് 10% കുറയും

താമസ, വാണിജ്യ-വ്യവസായ മേഖലകളിലെ ജല-വൈദ്യുതി നിരക്കിൽ 3 മാസത്തേക്ക് 10% ഇളവ് നൽകും. വൈദ്യുതി-ജല കണക്ഷൻ കിട്ടാൻ ഡെപോസിറ്റ് ആയി നൽകേണ്ട തുക പകുതിയാക്കി. മലയാളികളടക്കമുള്ള പ്രവാസികളായ താമസക്കാർക്കും വ്യവസായികൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്നതും ഏറെ ശ്രദ്ധേയമാണ്.

ഹോട്ടലുകൾക്ക് പ്രോത്സാഹനം; ഫീസിളവ്
വിനോദസഞ്ചാര മേഖലയ്ക്കു പ്രധാനമായും 4 നേട്ടങ്ങളാണുണ്ടാകുക. ഹോട്ടലുകൾ നൽകേണ്ട മുനിസിപ്പാലിറ്റി ഫീസ് 7 ശതമാനത്തിൽ നിന്നു 3.5 ശതമാനമാക്കും. 2018ൽ 10 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കിയിരുന്നു. ടൂറിസം, സ്പോർട്സ് പരിപാടികൾ മാറ്റിവയ്ക്കേണ്ടി വരുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവന്നാൽ ഈടാക്കിയിരുന്ന ഫീസ് ഈവർഷം ഉണ്ടാകില്ല. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് ചുമത്തിയിരുന്ന ഫീസും ഒഴിവാക്കി. ഉല്ലാസ മേളകളുടെയും ബിസിനസുമായി ബന്ധപ്പെട്ട പരിപാടികളുടെയും ടിക്കറ്റ് വിൽപനയ്ക്ക് ഈടാക്കിയിരുന്ന ഫീസ് മരവിപ്പിച്ചു.

ജലയാനങ്ങൾക്ക് ഇളവ്

ദുബായ്, ഹംറിയ തുറമുഖങ്ങളിൽ വരുമ്പോഴും പോകുമ്പോഴും ഈടാക്കുന്ന ഫീസിൽ നിന്ന് യുഎഇയിൽ റജിസ്റ്റർ ചെയ്ത പരമ്പരാഗത ജലയാനങ്ങളെ പൂർണമായും ഒഴിവാക്കി.
ജലയാനങ്ങളുെട സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ ഒട്ടേറെ പദ്ധതികൾക്കു രൂപം നൽകിവരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here